വിലാസിനിയെ കുട്ട്യേടത്തിയാക്കിയ എം.ടി
Friday, December 27, 2024 6:12 AM IST
കോഴിക്കോട്: നാടകത്തിൽ വലിയ നടിയായിരുന്നുവെങ്കിലും സിനിമയിൽ വലിയൊരു പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് എം.ടിയാണെന്നു നടി കുട്ട്യേടത്തി വിലാസിനി.
കോഴിക്കോട് വിലാസിനി എന്നായിരുന്നു അന്നു പത്രത്തിലും നോട്ടീസിലുമെല്ലാം നൽകിയിരുന്നത്. കുട്ട്യേടത്തിയിൽ അഭിനയിച്ചതിനു ശേഷമാണ് കുട്ട്യേടത്തി വിലാസിനി ആയത്. അദ്ദേഹത്തെ മറക്കാൻ കഴിയില്ല. കോഴിക്കോടുള്ള കലാകാരന്മാർക്കും കലാകാരികൾക്കും അദ്ദേഹം അവസരം നൽകിയിട്ടുണ്ട്. ബാലൻ കെ. നായർ, കുതിരവട്ടം പപ്പു അടക്കം ഒരുപാട് ആളുകളെ വാസുവേട്ടൻ സിനിമയിലേക്കു കൊണ്ടുവന്നിട്ടുണ്ടെന്നും വിലാസിനി ഓർമിച്ചു. എം.ടിയെ അവസാനമായി ഒരു നോക്കു കാണാൻ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിൽ എത്തിയതായിരുന്നു അവർ.
“വാസുവേട്ടനോട് അടുത്തു കഴിഞ്ഞാൽ പിന്നെ അകലാൻ തോന്നില്ല. അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. വാസുവേട്ടൻ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസ് വരെയെങ്കിലും ജീവിക്കണമെന്നും ഞാൻ നേർച്ചകൾ നേർന്നിരുന്നു. കാരണം, എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തി ആയിട്ടാണല്ലോ. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോടു ബഹുമാനവും സ്നേഹവും ആരാധനയുമാണ്.” മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കൊണ്ട് വിലാസിനി പറയുന്നു.
എം.ടിയുടെ തിരക്കഥയിൽ 1971 ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത കുട്ട്യേടത്തി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിലാസിനി ആയിരുന്നു.