കാട്ടാനയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു
Friday, December 27, 2024 6:12 AM IST
മുതലമട: പറമ്പിക്കുളത്തു കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. തൃശൂർ ജില്ലയിലെ വഴുക്കുംപാറ ചിറ്റാട്ടുകാട്ടിൽ കുഞ്ചുവിന്റെ മകൻ മാധവൻ(69) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം തേക്കടി-വരടികുളം റോഡിൽ ഏദൻ എസ്റ്റേറ്റിലേക്കു മൂവർസംഘം നടന്നുപോവുന്നതിനിടെ ആന പിൻഭാഗത്തുകൂടി എത്തി മാധവനെ തുമ്പിചുറ്റി താഴെയിട്ട് ചവിട്ടുകയായിരുന്നു. ആനയെ കണ്ട് ഓടിയ കണ്ണൻ, രവി എന്നിവർക്കു വീണു പരിക്കേറ്റു.
പറമ്പിക്കുളത്തുനിന്ന് ജീപ്പ് എത്തിച്ച് പാലക്കാട് മാധവനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ കണ്ണനും രവിയും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഏദൻ എസ്റ്റേറ്റിൽ തൊഴിലാളികളാണ് മൂവരും. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മാധവന്റെ അമ്മ: കാളി. ഭാര്യ: കുമാരി. മക്കൾ: ഷീജ, സിമി, ശ്രീനി. മരുമക്കൾ: സുരേഷ്, മണികണ്ഠൻ, ട്വിങ്കിൾ.