ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത്
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: അച്ചടക്കലംഘനത്തിനു ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോടു തിരികെ ഏഴു ചോദ്യങ്ങൾ ചോദിച്ച് സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്ത്.
തന്റെ ഏഴു ചോദ്യങ്ങൾക്കു ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടുള്ള അസാധാരണ കത്താണു നൽകിയത്. തന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയാലേ വിശദീകരണം നൽകേണ്ടതുള്ളുവെന്നാണു പ്രശാന്തിന്റെ തീരുമാനമെന്നാണു വിവരം.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകും സസ്പെൻഷനിലുള്ള ഉന്നതി മുൻ ഡയറക്ടർ കെ. ഗോപാലകൃഷ്ണനും ചേർന്ന് തനിക്കെതിരേ വ്യാജരേഖ ചമച്ചെന്ന പ്രശാന്തിന്റെ പരാതി കൂടുതൽ ബലപ്പെടുത്താനാണു ചീഫ് സെക്രട്ടറിയോട് ഏഴു ചോദ്യങ്ങളിൽ മറുപടി തേടിയതെന്നാണു വിവരം.
എന്നാൽ, സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ സർക്കാരിനെ വെട്ടിലാക്കാൻ നടത്തുന്ന നീക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്ന സർക്കാർ വരുംദിവസങ്ങളിൽ ഇദ്ദേഹത്തിനെതിരേ കൂടുതൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരേ ജയതിലകും ഗോപാലകൃഷ്ണനും അടക്കം ആരും പരാതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാർ സ്വന്തം നിലയിൽ മെമ്മോ നൽകിയത് എന്തിനുവേണ്ടിയെന്നാണു പ്രശാന്തിന്റെ പ്രധാന ചോദ്യം.
സസ്പെൻഡ് ചെയ്യുന്നതിനോ ചാർജ് മെമ്മോ നൽകുന്നതിനോ മുൻപ് എന്തുകൊണ്ട് തന്റെ ഭാഗം കേൾക്കാൻ തയാറായില്ലെന്നതാണ് അടുത്ത ചോദ്യം. ചാർജ് മെമ്മോയ്ക്കൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ശേഖരിച്ചത് എവിടെനിന്നാണ്? തനിക്കു കൈമാറിയ സ്ക്രീൻഷോട്ടിൽ സ്വകാര്യവ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടാണ് കാണിക്കുന്നത്.
സ്വകാര്യവ്യക്തിയുടെ അക്കൗണ്ട് ആധാരമാക്കി ചാർജ് മെമ്മോ തയാറാക്കാനാകുമോ? സ്വകാര്യ വ്യക്തി ശേഖരിച്ച വിവരം എങ്ങനെ സർക്കാർ ഫയലിൽ കടന്നുകൂടി? ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്തു കൃത്രിമം അല്ലെന്ന് ഉറപ്പുവരുത്തിയാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.
കഴിഞ്ഞ 16നാണ് പ്രശാന്തിനോടു വിശദീകരണം തേടി ചാർജ് മെമ്മോ നൽകിയത്. എന്നാൽ, ഇതുവരെ മറുപടി നൽകിയിട്ടില്ല. ചീഫ് സെക്രട്ടറിയോട് താഴെത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥൻ ചോദ്യങ്ങളിലൂടെ വിശദീകരണം തേടുന്നതും സംസ്ഥാന ചരിത്രത്തിലെ അസാധാരണ നടപടിയാണ്.