നവീകരിച്ച എം.എൻ. സ്മാരകം ഉദ്ഘാടനം ചെയ്തു
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: നവീകരിച്ച സിപിഐ സംസ്ഥാന കൗണ്‍സിൽ ഓഫീസായ എം.എൻ. സ്മാരകത്തിന്റെ ഉദ്ഘാടനം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു.
കേരളത്തിലെ മഹത്തായ പ്രവർത്തനങ്ങൾക്കു തീരുമാനങ്ങൾ കൈക്കൊണ്ട കേന്ദ്രമാണ് എം.എൻ. സ്മാരകമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വഹിക്കേണ്ട പങ്ക് ഫലപ്രദമായി വഹിക്കാൻ ഉചിതമായ തീരുമാനങ്ങളെടുക്കാനുള്ള വേദിയായി എം.എൻ. സ്മാരകത്തെ മാറ്റുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്നലെ രാവിലെ എം.എൻ.ഗോവിന്ദൻ നായരുടെ സ്മാരകത്തിനു മുന്നിൽ ബിനോയ് വിശ്വം പതാക ഉയർത്തി. സംസ്ഥാന കൗണ്‍സിൽ ഹാളിനു മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരാണു നൽകിയിരിക്കുന്നത്.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാർ എംപി, കെ.പി. രാജേന്ദ്രൻ, മന്ത്രിയും പാർട്ടി ദേശീയ കൗണ്‍സിൽ അംഗവുമായ ജി.ആർ. അനിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരൻ, പി.പി. സുനീർ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.