പുതുവത്സരത്തിൽ തൃശൂരിനെ ത്രസിപ്പിക്കാൻ സണ്‍ബേണ്‍ ഫെസ്റ്റിവൽ
Saturday, December 28, 2024 2:55 AM IST
തൃശൂർ: കോർപറേഷൻ, വ്യപാരിവ്യവസായി തൃശൂർ ജില്ലാ സമിതി, ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ എന്നിവ സംയുക്തമായി പുതുവർഷത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഇലക്്ട്രോണിക് മ്യൂസിക് ആൻഡ് ഡാൻസ് (ഇഡിഎം) നടത്തും.
ഏഷ്യയിലെ ഏറ്റവും വലിയ ഇഡിഎം സ്ഥാപനമായ സണ്‍ബേണിന്റെ നേതൃത്വത്തിൽ പുതുവർഷപരിപാടിയായും വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ചവർക്കു സഹായത്തിനായും വയനാട്ടിൽവച്ചു സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്.
സാങ്കേതികകാരണങ്ങളാൽ വയനാട്ടിൽനിന്നു മാറ്റാൻ പരിപാടിക്കു നേതൃത്വം നൽകുന്ന ബോചെ ഗ്രൂപ്പ് തീരുമാനിച്ച സാഹചര്യത്തിലാണ് തൃശൂർ കോർപറേഷനും വ്യാപാരികളും ചേർന്നു നടത്താറുള്ള നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പകരമായി 2025 ന്യൂ ഇയറിനു തൃശൂർ കോർപറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ ഇഡിഎം അവതരിപ്പിക്കാൻ തീരുമാനിച്ചത്.
ബോച്ചെ ഗ്രൂപ്പ് വയനാടിനു നേരത്തേ പ്രഖ്യാപിച്ച സഹായങ്ങൾ തുടരുമെന്നും പുതുതലമുറയുടെ ആഘോഷമായ ഏഷ്യയിലെതന്നെ ഏറ്റവും വലിയ സംഗീതോത്സവമായ സണ്‍ബേണ്‍ തൃശൂരിന്റെ ചരിത്രത്തിലെ തിലകക്കുറിയാകുമെന്നും ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂർ, തൃശൂർ മേയർ എം.കെ. വർഗീസ് എന്നിവർ പറഞ്ഞു.
ലോക പ്രശസ്ത ഡിജെ താരങ്ങളായ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവർക്കൊപ്പം മലയാളത്തിന്റെ യുവഗായിക ഗൗരി ലക്ഷ്മിയുടെ ബാൻഡും ഇലക്്ട്രോണിക് വെടിക്കെട്ടും ഉണ്ടാകും.