സിപിഒ റാങ്ക് ലിസ്റ്റ്: ജോലിക്കായുള്ള കാത്തിരിപ്പ് നീളുന്നു, പുനഃപരിശോധനാ ഹര്‍ജിക്കൊരുങ്ങി ഉദ്യോഗാര്‍ഥികൾ
Saturday, December 28, 2024 2:55 AM IST
കൊച്ചി: സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴും ജോലിക്കായുള്ള ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു.
നീതിനിഷേധത്തിനെതിരേ കോടതിയെ സമീപിച്ചെങ്കിലും നീതി കിട്ടാതെ വന്ന സാഹചര്യത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗാര്‍ഥികള്‍.
2019 ഡിസംബര്‍ 31നാണ് സിപിഒ തസ്തികയിലേക്ക് പിഎസ്സി വിജ്ഞാപനം ഇറക്കിയത്. തുടര്‍ന്ന് 2021 ല്‍ പ്രിലിമിനറി പരീക്ഷയും 2022 മാര്‍ച്ച് 20ന് മെയിന്‍ പരീക്ഷയും 2022 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി കായികക്ഷമതാ പരീക്ഷയും നടത്തി.
2023 ഏപ്രില്‍ 13ന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഏഴു ബറ്റാലിയനുകളിലായി 13,975 ഉദ്യോഗാര്‍ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 4784 ഉദ്യോഗാര്‍ഥികള്‍ക്കു നിയമന ഉത്തരവ് ലഭിച്ചു. 9191 ഉദ്യോഗാര്‍ഥികള്‍ നിയമനം കിട്ടാതെ പുറത്തായി. ഒരു വര്‍ഷം കാലാവധിയുള്ള ഈ റാങ്ക് ലിസ്റ്റിന്റെ നടപടി പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമാണെടുത്തത്. എന്നിട്ടും പരിമിതമായ നിയമനമേ നടത്തിയുള്ളൂ.
എന്നാല്‍, ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ 2022 ഡിസംബറില്‍ പിഎസ്സി അടുത്ത സിപിഒ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു ചട്ടവിരുദ്ധമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം. തസ്തികയിലെ പ്രായപരിധി 26 വയസാണ്. അതിനാല്‍ പലരുടെയും പ്രായപരിധി പിന്നിട്ടിരിക്കുന്നു.
പിഎസ്സി കാണിച്ച നീതികേട് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. പിഎസ്സിക്ക് പുതിയ വിജ്ഞാപനം ഇറക്കാന്‍ അനുമതിയില്ലെങ്കിലും ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നില്ലെന്നു പറഞ്ഞ് കോടതി തള്ളി. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് അഞ്ച് ഹിയറിംഗിനുശേഷം തള്ളി.
അതേസമയം, അഭിഭാഷകര്‍ കോടതിയെ അറിയിച്ച കാര്യങ്ങള്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
ഒരു റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന ശേഷമുള്ള ഒരു വര്‍ഷക്കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പിഎസ്സിക്ക് അതേ തസ്തികയിലേക്ക് പുതിയ വിജ്ഞാപനമിറക്കാന്‍ അധികാരമുണ്ടെന്ന സരിജ കേസിലെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.
എന്നാല്‍, സിപിഒ റാങ്ക്ലിസ്റ്റ് നിലവില്‍ വരുന്നതിനു മുമ്പേ അടുത്ത വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ സരിജ കേസിനെ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം.
പിഎസ്സിയുടെ ഈ നടപടി നിയമവിരുദ്ധമാണെന്നും തങ്ങള്‍ക്കു നഷ്ടമായ ഒഴിവുകളെങ്കിലും അനുവദിക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.