ജൈവമാലിന്യ സംസ്കരണം: വിവരശേഖരണം ജനുവരി ആറു മുതൽ
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജൈവ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണം നടത്തുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനുവരി ആറു മുതൽ 12 വരെയാണു സർവേ.
ഉറവിടമാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിൻ, കിച്ചൻ ബിൻ തുടങ്ങി വിവിധ ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി, ജൈവമാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്റെ ലഭ്യത, ഹരിതമിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം.
ഇതുവഴി ഉറവിട മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ സേനയുടെ പരിധിയിൽ കൊണ്ടുവരുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.
സർവേ നടത്തുന്നതിനായി ഓരോ വാർഡിലും രണ്ടു മുതൽ മൂന്നു വരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000 ലേറെ ഹരിതകർമസേനാംഗങ്ങളും സർവേയുടെ ഭാഗമാകും.
ഇവരെ കൂടാതെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികളും ഉൾപ്പെടെ ഓരോ ടീമിലും അഞ്ച് പ്രതിനിധികളാണ് ഉണ്ടാവുക. ഇവർ ഹരിതമിത്രം ആപ് ഉപയോഗിച്ച് സംസ്കരണ ഉപാധികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും.