കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ; ഒറ്റ ദിവസം 9.22 കോടി
Sunday, December 29, 2024 1:28 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിലെത്തി. കഴിഞ്ഞ തിങ്കളാഴ്്ച പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു. കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്.
ശബരിമല സ്പെഷൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തും കൃത്യമായ പ്ലാനിംഗ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവർത്തന ചെലവ് പോലും കിട്ടാത്ത കടുത്ത നഷ്ട ട്രിപ്പുകൾ ഒഴിവാക്കിയും ആണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്.
ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ അധികം കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായി എന്നത് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാർക്ക് ഏറെ ഗുണകരമാവുകയും കെഎസ്ആർടിസിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമാവുകയും ചെയ്തു.
അടുത്ത ദിവസങ്ങളിൽ ആരംഭിച്ച തിരുവനന്തപുരം-കോഴിക്കോട്- കണ്ണൂർ സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തതും വരുമാന വർധനവിന് കാരണമായിട്ടുണ്ട്.