ബന്ധുക്കളായ മൂന്നു കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു
Sunday, December 29, 2024 1:28 AM IST
ബേഡകം (കാസര്‍ഗോഡ്): പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു.
ബേഡഡുക്ക കൊളത്തൂര്‍ എരിഞ്ഞിപ്പുഴ കുണ്ടൂച്ചിയിലെ സ്വദേശി ഇ. അഷ്റഫ്- ശബാന ദന്പതികളുടെ മകന് യാസിന് (12), എരിഞ്ഞിപ്പുഴയിലെ മജീദ്-സഫീന ദന്പതികളുടെ മകന് സമദ് (12), മഞ്ചേശ്വരം ഉദ്യാവരയിലെ സിദ്ദിഖ്- റംല ദന്പതികളുടെ മകന് റിയാസ് (17) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയോടെ എരിഞ്ഞിപ്പുഴയിലെ പാലത്തിനു സമീപം പഴയ കടവിലാണ് അപകടമുണ്ടായത്.
അഷ്റഫും മജീദും റംലയും സഹോദരങ്ങളാണ്. സമദ് ഉപ്പളയിലെ അമ്മവീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ക്രിസ്മസ് അവധി ആഘോഷിക്കാനായി സമദും റിയാസും കുടുംബസമേതം യാസിന്റെ വീട്ടിലെത്തിയതായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് മൂന്നു കുട്ടികളും റംലയ്ക്കൊപ്പം കുളിക്കാനായി വീടിന് തൊട്ടടുത്തുള്ള പുഴയിലേക്കു പോയത്. ആദ്യം വെള്ളത്തില്‍ മുങ്ങിപ്പോയതു റിയാസായിരുന്നു. മകനെ രക്ഷിക്കാന്‍ റംല വെള്ളത്തിലേക്ക് എടുത്തുചാടി.
റംലയ്ക്കൊപ്പം നീന്തല്‍ അറിയാവുന്ന മറ്റുരണ്ട് കുട്ടികളും എടുത്തുചാടി. ആഴമുള്ള പുഴയില്‍ നല്ല അടിയൊഴുക്കുമുണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ റംല ക്ഷീണിതയായി. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ കൃത്യമായ ഇടപെടലില്‍ റംലയെ രക്ഷിക്കാനായി. 2.20ന് റിയാസിനെ കണ്ടെത്തി.
ചെര്‍ക്കള കെകെപുറത്തെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. 3.30ഓടെ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലി 4.18ന് യാസിനെ കണ്ടെത്തി. ഒരു മണിക്കൂര്‍ അന്വേഷണത്തിനുശേഷം 5.15ന് സമദിനെയും കണ്ടെത്താനായി.
കാനത്തൂര്‍ ജിയുപിഎസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് യാസിന്. സഹോദരങ്ങള്‍: സഫ, അമീന്. ബന്തിയോട് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണു സമദ്. സഹോദരന്: ഷാമില്‍. ഉദ്യാവര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു റിയാസ്. സഹോദരി: റിസ്വാന. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ രാത്രിയോടെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഇന്നു രാവിലെ എരിഞ്ഞിപ്പുഴ കബര്‍സ്ഥാനില്‍ കബറടക്കും.