തിരശീലയിലെ മഹാകാവ്യങ്ങൾ
ബിജോ ജോ തോമസ്
Friday, December 27, 2024 6:12 AM IST
മലയാളസിനിമയ്ക്ക് സാഹിത്യത്തിന്റെ കരുത്തും സൗന്ദര്യവും പകർന്നു നല്കിയ ചലച്ചിത്രകാരനായിരുന്നു എം.ടി. വാസുദേവൻനായർ. കഥയുടെയും നോവലിന്റെയും വഴികളിലൂടെ സഞ്ചരിച്ചപ്പോഴും തിരശീലയിൽ അദ്ദേഹം രചിച്ച കാവ്യങ്ങൾ മലയാളസിനിമയിലെ നാഴികക്കല്ലുകളായി. മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ള രചനകളിലൂടെ മലയാളസിനിമയുടെ ഗതിതന്നെ മാറ്റിമറിക്കുന്നതിൽ എം.ടി നിർണായക പങ്കുവഹിച്ചു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളുടെ മുൻനിരയിൽ എം.ടിയുടെ ചിത്രങ്ങളുണ്ട്. അഞ്ച് സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതേസമയം അന്പ തിലധികം സിനിമകൾക്ക് രചന നിർവഹിച്ചു.
ഹരിഹരൻ, ഐ.വി.ശശി, ഭരതൻ തുടങ്ങിയ പ്രഗൽഭർ അദ്ദേഹത്തിന്റെ തിരക്കഥയിലൊരുക്കിയ സിനിമകളെല്ലാം മലയാളസിനിമയുടെ സുവർണയുഗത്തെ ഓർമിപ്പിച്ച് മായാതെ നിൽക്കുന്നു.
സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ എം.ടിയുടെ സിനിമകളെക്കുറിച്ച് നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു-""എംടിയുടെ ഏതു സിനിമ കണ്ടാലും ഏതെങ്കിലുമൊക്കെ കഥാപാത്രം എന്നെപ്പോലെയാണെന്നു തോന്നും. ഇത് എനിക്കു മാത്രം തോന്നുന്നതല്ല. എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കും.''സത്യന്റെ ഈ നിരീക്ഷണം തന്നെയാണ് എം.ടി സിനിമകളുടെ ശക്തി. മനുഷ്യമനസിന്റെ വികാര-വിചാരങ്ങളും മനുഷ്യബന്ധങ്ങളിലെ നന്മ-തിന്മകളുമെല്ലാം ഇത്രയധികം സൂക്ഷ്മതയോടെ സന്നിവേശിപ്പിച്ച മറ്റൊരു ചലച്ചിത്രകാരനുണ്ടാവില്ല.
എം.ടി എന്ന സംവിധായകൻ
ലോകം അറിയപ്പെടുന്ന എഴുത്തുകാരനായി മാറിയപ്പോഴും സിനിമ തന്റെ പ്രധാന മാധ്യമമായി അദ്ദേഹം കണ്ടു. തിരക്കഥാ രചനയ്ക്കൊപ്പം സംവിധായകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ചിന്ത തന്നെയാണ്. അഞ്ചു സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. രചനയിലും ആഖ്യാനത്തിലും വേറിട്ട ചിത്രങ്ങളായി അവ നിലകൊള്ളുന്നു.
നിർമാല്യം-പള്ളിവാളും കാൽചിലന്പും എന്ന തന്റെ കഥയെ ആസ്പദമാക്കി എം.ടി ഒരുക്കിയ സിനിമയാണ് നിർമാല്യം. പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ അക്കാലത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു നിർമാല്യം. ദാരിദ്ര്യവും കഷ്ടപ്പാടും ജീവിതത്തിലെ സന്തതസഹചാരികളായി മാറിയ ഒരു വെളിച്ചപ്പാടിന്റെ കഥയാണ് ചിത്രം പറഞ്ഞത്. പി.ജെ. ആന്റണി എന്ന പ്രഗൽഭ നടൻ വെളിച്ചപ്പാടിന്റെ വേഷത്തിൽ നിറഞ്ഞാടിയ ഈ സിനിമ 1973ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടി. മികച്ച നടനുള്ള ദേശീയ പുരസ്കാരം പി.ജെ. ആന്റണിക്കും ലഭിച്ചു.
മഞ്ഞ് -നൈനിറ്റാളിന്റെ പശ്ചാത്തലത്തിൽ മഞ്ഞിന്റെ നൈർമല്യവും വിരഹത്തിന്റെ നൊന്പരവും കാത്തിരിപ്പിന്റെ സൗന്ദര്യവുമെല്ലാം ചേർന്ന് എം.ടി ഒരുക്കിയ സിനിമയാണ് മഞ്ഞ്. നഷ്ടപ്രണയത്തിന്റെ ഓർമകളിൽ ജീവിച്ച വിമലയുടെ കഥ പറഞ്ഞ മഞ്ഞ് എം.ടിയുടെ വേറിട്ട രചനയായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദുവും എവിടെനിന്നോ
വന്ന് എങ്ങോട്ടോ പോകുന്ന സർദാർജിയുമൊക്കെ മഞ്ഞിലെ ഉള്ളുലയ്ക്കുന്ന കഥാപാത്രങ്ങളായി.
കടവ് -എസ്.കെ. പൊറ്റെക്കാട്ടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി ഒരുക്കിയ സിനിമയാണ് "കടവ്'. എല്ലാ ദിവസവും താൻ കടവ് കടത്തിവിടാറുണ്ടായിരുന്ന ഒരു പെൺകുട്ടിയെത്തേടി നഗരത്തിൽനിന്ന് ഗ്രാമത്തിലെത്തുന്ന ചെറുപ്പക്കാരന്റെ അനുഭവങ്ങളാണ് ഏറെ വൈകാരികമായി അവതരിപ്പിക്കുന്നത്. 1991ൽ ചിത്രം റിലീസായി.
ഒരു ചെറുപുഞ്ചിരി -രണ്ടായിരത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, വാർധക്യത്തിലും ജീവിതത്തെ സുന്ദരമായി കണ്ട ദന്പതികളുടെ ഹൃദയസ്പർശിയായ കഥ പറയുന്നു. കൊച്ചുകൊച്ചു പിണക്കങ്ങളും പരിഭവങ്ങളും കുസൃതികളും നിറഞ്ഞ ഇവരുടെ ലോകത്തിലൂടെ ജീവിതസായാഹ്നത്തിന്റെ സുന്ദര മുഹൂർത്തങ്ങളാണ് എം.ടി വരച്ചുകാട്ടിയത്. ഇതിനു പുറമേ ബന്ധനം, വാരിക്കുഴി എന്നീ ചിത്രങ്ങളും എംടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
തിരക്കഥയുടെ കരുത്ത്
മലയാളസിനിമയുടെ പതിവ് കാഴ്ചകൾക്കും വാണിജ്യക്കൂട്ടുകൾക്കുമപ്പുറം എം.ടി. വാസുദേവൻനായർ ഒരുക്കിയ തിരക്കഥകൾ കാഴ്ചയുടെ നവ്യാനുഭവം പ്രേക്ഷകർക്കു പകർന്നു നല്കി. ഓളവും തീരവും മുറപ്പെണ്ണും മുതൽ ഒരു വടക്കൻ വീരഗാഥയും പഴശിരാജയും വരെ എംടിയുടെ തിരക്കഥകൾ മലയാളസിനിമയ്ക്ക് നൽകിയ ചാരുത അനുപമമാണ്.
മെലൊഡ്രാമകളും തട്ടുപൊളിപ്പൻ ആക്ഷൻ-കോമഡി ചിത്രങ്ങളുമൊക്കെ അരങ്ങുവാണ എഴുപതുകളിലും എൺപതുകളിലും റിയലിസ്റ്റിക് സിനിമകൾ പ്രേക്ഷകർ കണ്ടത് എംടിയുടെ തിരക്കഥകളിലൂടെയായിരുന്നു. മനുഷ്യന്റെയും മണ്ണിന്റെയും ഗന്ധമുള്ള സിനിമകൾ, അവയിൽ ചിലത് ഓർമിക്കാം...
ഓളവും തീരവും-മലയാളസിനിമയിൽ ആഖ്യാനത്തിലും കഥാതന്തുവിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത് എംടിയുടെ ആദ്യ തിരക്കഥയായ ഓളവും തീരവും എന്ന ചിത്രത്തിലൂടെയായിരുന്നു. നബീസയും ബാപ്പുട്ടിയും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം പി.എൻ. മേനോനാണ് സംവിധാനം ചെയ്തത്. റിയലിസ്റ്റിക് ആയ ഒരുപിടി കഥാപാത്രങ്ങളിലൂടെ വൻ പ്രേക്ഷകസ്വീകാര്യതയാണ് ഈ ചിത്രം നേടിയത്. 1970ലെ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം ഓളവും തീരവും നേടി.
ഇരുട്ടിന്റെ ആത്മാവ്-സമൂഹവും കുടുംബവും ഭ്രഷ്ട് കല്പിച്ച ഭ്രാന്തൻ വേലായുധന്റെ കഥ പറഞ്ഞ ഇരുട്ടിന്റെ ആത്മാവ് എംടിയുടെ എക്കാലത്തെയും മികച്ച തിരക്കഥകളിലൊന്നാണ്. ഭ്രാന്ത് എന്ന അവസ്ഥയോട് സമൂഹം പുലർത്തുന്ന കാഴ്ചപ്പാടുകളെ ഇത്രയധികം ശക്തമായി ആവിഷ്കരിച്ച സിനിമകൾ ചുരുക്കം. പ്രേംനസീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് വിലയിരുത്തപ്പെടുന്നു. പി. ഭാസ്കരനാണ് ചിത്രം സംവിധാനം ചെയ്തത്.
പഞ്ചാഗ്നി-എംടി-ഹരിഹരൻ ടീമിന്റെ ഈ ചിത്രം മലയാളസിനിമയ്ക്ക് ഒരു പുത്തൻ അനുഭവമായി മാറി. തിരക്കഥയുടെ ശക്തി ഒന്നുകൊണ്ടു മാത്രം വേറിട്ടുനിന്ന ചിത്രം. ഇന്ദിര എന്ന നക്സൽ യുവതിയുടെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ, പഞ്ചാഗ്നി മലയാളത്തിലെ നായികാസങ്കൽപങ്ങളുടെ പൊളിച്ചെഴുത്തായി. മോഹൻലാലും ഗീതയും തിലകനുമൊക്കെ തകർത്തഭിനയിച്ച ഈ സിനിമ ബോക്സോഫീസിലും വൻ വിജയമായിരുന്നു.
നഖക്ഷതങ്ങൾ -കൗമാരപ്രണയത്തിന്റെ നിഷ്കളങ്കത അപ്പാടെ ചോർത്തിയെടുത്ത നഖക്ഷതങ്ങൾ എം.ടി-ഹരിഹരൻ ടീമിന്റെ മറ്റൊരു സൂപ്പർഹിറ്റായിരുന്നു. വിനീതും മോനിഷയുമൊക്കെ നിറഞ്ഞാടിയ ചിത്രം മലയാളത്തിലെ അനശ്വര പ്രണയകഥകളിൽ ഒന്നായി.
ആൾക്കൂട്ടത്തിൽ തനിയെ -സ്വർഗം തുറക്കുന്ന സമയം എന്ന തന്റെതന്നെെ ചെറുകഥയെ ആസ്പദമാക്കി എം.ടി തിരക്കഥയെഴുതിയ ആൾക്കൂട്ടത്തിൽ തനിയെ, രാജൻ എന്ന യുവാവിന്റെ കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളെ ഏറെ വൈകാരികമായി അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി രാജൻ.
ഒരു വടക്കൻ വീരഗാഥ-
വടക്കൻ പാട്ടുകഥകളിലെ ചന്തുവിന് എം.ടി നല്കിയ വ്യത്യസ്ത ചലച്ചിത്രഭാഷ്യമായിരുന്നു ഒരുവടക്കൻ വീരഗാഥ. ബോക്സോഫീസിൽ ചലനങ്ങൾ സൃഷ്ടിച്ച ഈ ചിത്രം പൂർണമായും ഒരു എം.ടി ചിത്രമെന്നു വിശേഷിപ്പിക്കാം. ചന്തുവിന് എംടി നല്കിയ പുതിയ ഭാഷ്യം ഏറെ ചർച്ച ചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമളിലൊന്നായി ഹരിഹരൻ ഒരുക്കിയ ഈ ചിത്രം.
അമൃതംഗമയ, ആരൂഢം, തൃഷ്ണ, അടിയൊഴുക്കുകൾ, വൈശാലി, പെരുന്തച്ചൻ, പഴശിരാജ, സുകൃതം, ആരണ്യകം എന്നിങ്ങനെ പ്രമേയത്തിലും കഥാപാത്രഘടനയിലും വ്യത്യസ്തമായ എം.ടിയുടെ ഒട്ടേറെ തിരക്കഥകൾ സിനിമാപ്രേമികൾക്ക് മറക്കാനാവില്ല.