ജയതിലക് മാസത്തിൽ അഞ്ചോ ആറോ ദിവസം മാത്രം ഹാജരാകുന്നതായി വിവരാവകാശ രേഖ
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് കടുക്കുന്നതിനിടെ നികുതി അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഓരോ മാസവും അഞ്ചോ ആറോ ദിവസങ്ങൾ മാത്രമാണ് സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഹാജരാകുന്നതെന്നു വിവരാവകാശ രേഖ.
2023 ജനുവരി മുതൽ കഴിഞ്ഞ നവംബർ 2024 വരെയുള്ള 23 മാസങ്ങളിൽ അഞ്ചു മാസങ്ങൾ ഒഴികെ മറ്റെല്ലാ മാസങ്ങളിലും പത്തിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഓഫീസിലെത്തിയതെന്നാണു രേഖ.
സെക്രട്ടേറിയറ്റിലെ ഹാജർ രേഖപ്പെടുത്തുന്ന സ്പാർക്ക് സംവിധാനത്തിൽനിന്ന് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ കണക്കുകൾ അനുസരിച്ചാണിത്. നിയമസഭാ സമ്മേളനം നടന്ന ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് കൂടുതൽ ഹാജരുള്ളത്. യഥാക്രമം 13, 15 ദിവസങ്ങൾ മാത്രം.
2023 ജനുവരിയിൽ ആറു ദിവസവും ഫെബ്രുവരിയിൽ 10 ദിവസവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അഞ്ചു വീതവും മേയ്, ജൂണ് മാസങ്ങളിൽ ആറു വീതവും ജൂലൈയിൽ ഏഴും ഓഗസ്റ്റിൽ അഞ്ചും ദിവസങ്ങളിലാണ് ഹാജരായത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ശന്പളവും ആനുകൂല്യങ്ങളുംഅടക്കം അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലാണ് സർക്കാരിൽനിന്നു കൈപ്പറ്റുന്നത്.
സെക്രട്ടേറിയറ്റിലെ ചുമതല കൂടാതെ അധികചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഹാജരിൽ ഇളവ് അനുവദിക്കാറുണ്ട്. എന്നാൽ, ഈ മാസങ്ങളിൽ ജയതിലകിന് അധിക ചുമതലയുള്ളതായി രേഖകളിൽ ഇല്ല. അപ്പോൾ അദർ ഡ്യൂട്ടി ഏതു തരത്തിൽ കണക്കാക്കുമെന്ന കാര്യം സർക്കാരാണ് പൊതുജനങ്ങളെ അറിയിക്കേണ്ടത്.
ജയതിലക് ഫയലുകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്താറുണ്ടെന്ന ആക്ഷേപം സെക്രട്ടേറിയറ്റ് ജീവനക്കാർതന്നെ ഉന്നയിക്കുന്നുണ്ട്. പലപ്പോഴും അദ്ദേഹം മൂന്നാർ, വയനാട്, എറണാകുളം ഭാഗത്താണ് യാത്ര ചെയ്തിരുന്നതെന്നും പറയപ്പെടുന്നു.
എന്നാൽ, ജയതിലകിന്റെ ഔദ്യോഗിക യാത്രകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് വിവരാവകാശനിയമപ്രകാരം മറുപടി നൽകിയിട്ടില്ല. നിയമസഭാ സമിതി യോഗങ്ങളിൽ ഹാജരാകാതെ, അവസാന നിമിഷം കീഴുദ്യോഗസ്ഥരോട് പങ്കെടുക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായ പരാതികളും ജീവനക്കാർ ഉന്നയിക്കുന്നു.