നവീൻ ബാബുവിന്റെ മരണം: ഭാര്യയുടെ ഹർജി തീർപ്പാക്കി
Sunday, December 29, 2024 1:28 AM IST
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകൾ സംരക്ഷിക്കണമെന്ന് കാണിച്ച് ഭാര്യ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി തീർപ്പാക്കി.
ആരോപണ വിധേയരായ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോൾ പന്പിന് അപേക്ഷ നൽകിയ ടി.വി.പ്രശാന്ത്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ എന്നിവരുടെ ഫോൺ കോളുകൾ, ടവർ ലൊക്കേഷൻ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ സംരക്ഷിക്കണമെന്ന് കാണിച്ചായിരുന്നു നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹർജി സമർപ്പിച്ചത്.
കുടുംബം ആവശ്യപ്പെട്ടതെല്ലാം പരിഗണിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷനും കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസും കോടതിയിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കുന്നതെന്ന് കോടതി അറിയിച്ചു.
നവീനെതിരേ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കണ്ണൂർ: പെട്രോൾ പന്പിനുള്ള അനുമതിക്കായി കണ്ണൂർ മുൻ എഡിഎം അന്തരിച്ച നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന സംരംഭകൻ ടി.വി. പ്രശാന്തന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു ടി.വി. പ്രശാന്തൻ പറഞ്ഞിരുന്നത്.
എന്നാൽ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ ഖാദർ നൽകിയ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച് മറുപടി നൽകിയത്.