പുനരധിവാസ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി കെ. രാജൻ
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു മന്ത്രി കെ. രാജൻ.
പുനരധിവാസത്തിൽ ഒരുവിധ വൈകലും ഇനി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ഇതിനുള്ള നടപടി കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചിരുന്നു.
എം.ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവച്ച മന്ത്രിസഭാ യോഗം അടുത്തദിവസം ചേർന്നു തുടർനടപടി തീരുമാനിക്കും. പുതുവർഷത്തിന്റെ ആദ്യദിവസങ്ങളിൽ വീട്, ഭൂമി സ്പോണ്സർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കും.
പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തബാധിതരുടെ ആദ്യപട്ടിക വയനാട് ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്ന സമിതി പരിശോധിച്ച് പുറത്തു വിട്ടിരുന്നു. ഇതിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശിക്കാൻ 15 പ്രവൃത്തിദിനം അനുവദിച്ചു.
ജനുവരിയിൽ പൂർത്തിയാക്കുന്ന രണ്ടാംഘട്ട പട്ടികയിൽ അർഹരായ മുഴുവൻ പേരെയും മാത്രമല്ല, തകർന്ന ലയങ്ങളിൽ താമസിച്ചിരുന്നവരെയും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചൂരൽമല പുനരധിവാസ ഭൂമിയുമായി ബന്ധപ്പെട്ട കോടതിവിധി മനുഷ്യന്റെ ഹൃദയം അറിഞ്ഞുകൊണ്ടുള്ളതാണ്. വയനാട്ടിലെ ആശങ്കയുടെ കാർമേഘമാണ് കോടതി വിധിയോടെ ഒഴിഞ്ഞത്.
ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ‘ഭൂമി ഏറ്റെടുക്കൽ - പുനരധിവാസ നിയമ’ പ്രകാരം തന്നെ നൽകുമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
എൽഎആർആർ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കാനാകുക. അതിൽ പറയുന്ന നഷ്ടപരിഹാരത്തുക പൂർണമായും നൽകണം.
നടപടിക്രമം പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനിച്ചത്. മുൻകൂറായി ഭൂമി ഏറ്റെടുക്കൽ നടത്തുമ്പോൾ പണം കിട്ടാതെ വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ കോടതിയെ സമീപിച്ചത്.
ദുരന്തബാധിതരുടെയും സർവകക്ഷി യോഗത്തിന്റെയും അഭിപ്രായം അനുസരിച്ച് മേപ്പാടിയോട് ചേർന്ന നെടുമ്പാല, എൽസ്ട്രോണ് എസ്റ്റേറ്റുകളാണ് ഇതിനായി സർക്കാർ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.