ആത്മകഥാ വിവാദം: തന്റെ വാദം ശരിവയ്ക്കുന്നതാണ് അന്വേഷണ റിപ്പോർട്ടെന്ന് ഇ.പി.ജയരാജൻ
Sunday, December 29, 2024 1:28 AM IST
കണ്ണൂർ: തന്റെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു് ഉയർന്ന വിവാദത്തിൽ അന്നു താൻ പറഞ്ഞത് ശരിവയ്ക്കുന്നതാണ് പോലീസ് റിപ്പോർട്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ.
ആത്മകഥയുടെ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് താൻ തുടക്കത്തിലേ പറഞ്ഞിരുന്നു. ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിലും ഇതു തന്നെയാണ് കണ്ടെത്തിയതതെന്ന് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ വിഷയം സംബന്ധിച്ച് കോട്ടയം എസ്പി അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഡിസിയുമായി താൻ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. അതേസമയം പുസ്തകത്തിന്റെ ഭാഗങ്ങൾ എങ്ങിനെയാണ് ഡിസി ബുക്സിന് ലഭിച്ചതെന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.