കെഎസ്ആർടിസി അപകടങ്ങൾ കുറയ്ക്കാൻ ഉന്നതതല സമിതി വരുന്നു
Saturday, December 28, 2024 2:55 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകൾ അപകടത്തിൽപ്പെടുന്നതും നിരത്തുകളിൽ ബ്രേക്ക്ഡൗണാകുന്നതും കുറയ്ക്കാനായി ജില്ലകൾ തോറും ഉന്നതതല സമിതികൾ രൂപവത്കരിക്കും.
ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ വെഹിക്കിൾ സൂപ്പർവൈസർ, മെക്കാനിക് എന്നിവരുൾപ്പെടുന്നതാണ് പുതുതായി രൂപവത്കരിക്കുന്ന ടെക്നിക്കൽ -വിജിലൻസ് സെൽ അംഗങ്ങൾ. കെഎസ്ആർടിസിയുടെ സ്റ്റാഫ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ആർ.എസ്. സലിംകുമാറിനെ സംസ്ഥാന തല കോ-ഓർഡിനേറ്ററായും നിയമിച്ചിട്ടുണ്ട്.
നിലവിൽ അപകടങ്ങളെപ്പറ്റി പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന തലത്തിലും യൂണിറ്റ് തലത്തിലും ആക്സിഡന്റ് മോണിട്ടറിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനും പുറമേയാണ് ടെക്നിക്കൽ - വിജിലൻസ് ടീമിനെ ജില്ലാ തലത്തിൽ സജ്ജമാക്കുന്നത്.