പ്രശാന്തിന്റെ കത്ത് ചീഫ് സെക്രട്ടറി സർക്കാരിനു കൈമാറി
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്കു വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണ മാതൃകയിൽ ഏഴു ചോദ്യങ്ങൾ ചോദിച്ച് സമർപ്പിച്ച കത്ത് ചീഫ് സെക്രട്ടറി സർക്കാരിനു കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കാര്യങ്ങൾ ധരിപ്പിച്ചു. തന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്.
തന്റെ ഭാഗം കേൾക്കാതെയുള്ള സസ്പെൻഷനും നടപടികളും ചോദ്യം ചെയ്തായിരുന്നു കത്ത്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, സസ്പെൻഷനിലുള്ള മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണൻ എന്നിവർക്കെതിരേയാണ് പ്രശാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതാണ് പ്രശാന്തിന്റെ സസ്പെൻഷനിലേക്കു നയിച്ചത്.