ബന്ധുവീട്ടിലെത്തിയ യുവാവും വിദ്യാർഥിയും പുഴയിൽ മുങ്ങിമരിച്ചു
Sunday, December 29, 2024 1:28 AM IST
ഇരിട്ടി: ബന്ധുവീട്ടിൽ എത്തിയ യുവാവും ഒന്‍പതുവയസുകാരനും ബാരാപോൾ പുഴയുടെ ചരൾ കടവിൽ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വയലിൽകൊല്ലാട്ട് വിൻസെന്റ് (42) , കണ്ണൂർ പള്ളിക്കുന്ന് ഗവ. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ആൽവിൻ കൃഷ്ണ (ഒന്‍പത്) എന്നിവരാണു മരിച്ചത് .
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. വിൻസെന്റിന്റെ സഹോദരിയുടെ ചരളിലുള്ള വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. മരിച്ച ആൽവിൻ വിൻസെന്റിന്റെ അയൽവാസിയുടെ മകനാണ്.
സ്കൂൾ അവധി ആയതിനാൽ ആൽവിനുമൊന്നിച്ച് വെള്ളിയാഴ്ചയാണ് വിൻസെന്റ് സഹോദരിയുടെ വീട്ടിൽ എത്തുന്നത്. ഇന്നലെ ഉച്ചയോടെ പുഴയിൽ കുളിക്കാനായി വിൻസെന്റും ആൽവിനും സഹോദരിയുടെ മകനും ഒന്നിച്ച് ഒരു കിലോമീറ്റർ ദൂരെയുള്ള പുഴക്കടവിലേക്ക് കാറിലാണ് എത്തിയത്.
നല്ല ഒഴുക്കുള്ള പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ ആദ്യം വെള്ളം തീരെ കുറഞ്ഞ ഭാഗത്തായിരുന്നു ആൽവിൻ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ വെള്ളം കൂടുതലും അടിയൊഴുക്കുമുള്ള ഭാഗത്തേക്ക് ആൽവിൻ നീങ്ങുകയും വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു.
ഇതുകണ്ട് രക്ഷിക്കാനായി കരയിൽ ഇരുന്നിരുന്ന വിൻസെന്റ് ഓടിയെത്തുകയും വിൻസെന്റും പുഴയിൽ മുങ്ങിത്താഴുകയുമായിരുന്നു. നാട്ടുകാരെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുഴയുടെ അടിത്തട്ടിൽനിന്നു ലഭിച്ചത്.