മൻമോഹന്റെ സംസ്കാര ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്ത് ആന്റണിയും സംസ്ഥാന നേതാക്കളും
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ഡൽഹി നിഗംബോധ്ഘട്ടിൽ നടക്കുന്പോൾ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലിരുന്ന് സംസ്കാര ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും സംസ്ഥാനത്തെ നേതാക്കളും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും അടക്കമുള്ള നേതാക്കൾ സംസ്കാര ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്തു. തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു.
ആദ്യമായി പ്രതിരോധ വ്യവസായം കേരളത്തിൽ തുടങ്ങിയത് മൻമോഹൻസിംഗിന്റെ കാലത്താണെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ 10 വർഷത്തെ ഭരണം കൊണ്ട് ഇന്ത്യ ലോകത്തിലെ അഞ്ചു പ്രധാന സാന്പത്തിക ശക്തികളിൽ ഒന്നായി.
സൈനിക ശാസ്ത്ര സാങ്കേതിക മേഖലകളിൽ ലോകത്തെ നാലോ അഞ്ചോ സ്ഥാനത്തെത്തി. മിതഭാഷിയായ അദ്ദേഹം നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് കയർത്തു സംസാരിക്കുന്നതു കണ്ടത്. ആസൂത്രിതമായ കവർച്ച, നിയമവിധേയമായ കൊള്ളയടി, സന്പൂർണ ദുരന്തമെന്നാണ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്.
അപ്രതീക്ഷിതമായി അദ്ദേഹം ധനമന്ത്രിയായപ്പോൾ കോണ്‍ഗ്രസ് അംഗംപോലും ആയിരുന്നില്ല. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അചഞ്ചലമായ പാർട്ടിക്കൂറ് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും ആന്റണി പറഞ്ഞു.