ആഘോഷങ്ങളില്ലാതെ ശതാഭിഷിക്തനായി എ.കെ. ആന്റണി
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: ജന്മദിനം ആഘോഷിക്കുന്ന പതിവ് എ.കെ. ആന്റണിക്കില്ല. ഇന്നലെ ശതാഭിഷിക്തനാകുന്പോഴും ആ പതിവു മാറ്റാൻ അദ്ദേഹം തയാറായില്ല. വളരെ അടുപ്പക്കാരെ വിളിച്ച് വീട്ടിൽ ഒരു കേക്ക് മുറിക്കാമെന്നു ഭാര്യ എലിസബത്ത് കണക്കുകൂട്ടിയെങ്കിലും അടുത്ത സഹപ്രവർത്തകനായിരുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തോടെ അതും ഇല്ലാതായി.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ 84-ാം ജന്മദിനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷകരമായില്ല. ഇന്നലെ രാവിലെ എട്ടിനു ശേഷം കെപിസിസി ഓഫീസിലെത്തി മൻമോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകൾ ലൈവായി കണ്ടു.
അവിടെ പ്രാർഥനായോഗത്തിലും സംസ്കാരചടങ്ങുകൾക്കും ശേഷം അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചതിനു ശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ എ.കെ. ആന്റണി വീട്ടിലേക്കു മടങ്ങി. കെപിസിസി ഓഫീസിൽ വന്നപ്പോഴും ആശംസകൾ ഏറ്റുവാങ്ങാൻ പോലും അദ്ദേഹം തയാറായില്ല.വർഷങ്ങളോളം ഒരുമിച്ചു പ്രവർത്തിച്ച മൻമോഹൻ സിംഗിന്റെ വിയോഗം അദ്ദേഹത്തെ അത്രമേൽ ദുഃഖത്തിലാഴ്ത്തിയിരുന്നു.
ആരോഗ്യകാരണങ്ങളാൽ ഡൽഹി വിട്ടു കേരളത്തിലേക്കു മടങ്ങിയ എ.കെ. ആന്റണി മിക്കവാറും എല്ലാദിവസവും വൈകുന്നേരം കെപിസിസി ഓഫീസിലെത്താറുണ്ട്. സജീവ രാഷ്ട്രീയപ്രവർത്തനത്തിൽനിന്നു പിൻവാങ്ങിയെങ്കിലും പാർട്ടി നേതാക്കളും പ്രവർത്തകരും അവിടെയെത്തി അദ്ദേഹത്തെ കാണും, ഉപദേശ-നിർദേശങ്ങൾ തേടും. കേരളത്തിലെ കോണ്‍ഗ്രസിൽ ഇന്ന് ഒരു മാർഗദർശിയുടെ റോളിലാണ് എ.കെ. ആന്റണി.
അറുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഒരു കൊടുങ്കാറ്റു പോലെ കേരള രാഷ്ട്രീയത്തിലേക്കു കടന്നു വന്ന എ.കെ. ആന്റണി സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ പടവുകൾ ഓരോന്നായി ചവിട്ടിക്കയറുന്പോഴും അടിസ്ഥാന നിലപാടുകളിൽനിന്നു വ്യതിചലിച്ചില്ല. ആദർശത്തിന്റെ ആൾരൂപമെന്ന വിളിപ്പേരിന് ഒരിക്കലും കളങ്കം വരുത്തിയുമില്ല. രണ്ടാം യുപിഎ സർക്കാർ അഴിമതി ആരോപണങ്ങളിൽ ഉലഞ്ഞപ്പോഴും പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനും പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും നേരേ വിരലുകൾ നീണ്ടില്ല.
അധികാരസ്ഥാനങ്ങൾക്ക് ഒരു പരിധിക്കപ്പുറം പ്രാധാന്യം നൽകാത്തതിനാലാകാം അത് ഉപേക്ഷിക്കുന്നതിലും അദ്ദേഹത്തിനു മടിയൊന്നുമുണ്ടായിരുന്നില്ല. 37-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി മാറിയ അദ്ദേഹത്തിന് ഏറെ വൈകാതെ രാഷ്ട്രീയത്തിലെ നിലപാടുകളുടെ പേരിൽ ആ കസേര ഉപേക്ഷിക്കാനും മടിയൊന്നുമുണ്ടായില്ല. പിന്നീട് കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ചതും ഇതേപോലെ തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ്.
സോണിയാ ഗാന്ധിയെ യാത്രയയച്ച ശേഷം വിമാനത്താവളത്തിൽവച്ച് മാധ്യമപ്രവർത്തകരെ കണ്ട്, ഞാൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നു എന്നു വളരെ നിസാരമായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കേരള രാഷ്ട്രീയത്തിൽനിന്നുതന്നെ പിൻവാങ്ങിയത്.
കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അധ്യക്ഷസ്ഥാനത്തേക്ക് എത്തിയപ്പോൾ തന്നെ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു എ.കെ. ആന്റണി. 1967ലെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള യുവനിര വഹിച്ച പങ്കും ചെറുതല്ല. അഞ്ചു പതിറ്റാണ്ടിലേറെയായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന എ.കെ. ആന്റണി ഇന്നും കോണ്‍ഗ്രസുകാർക്ക് ആവേശം പകരുന്നു.