മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളജ്; രേഖകള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍
Saturday, December 28, 2024 2:55 AM IST
കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
ഭൂമി നേരത്തേ കൈവശം വച്ചിരുന്ന സേട്ടിന്റെ കുടുംബത്തിന്റെ പ്രതിനിധികളോടും ഫാറൂഖ് കോളജ് അധികൃതരോടുമാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം. 1902ലെ രേഖ ലഭിച്ചില്ലെങ്കില്‍ മാത്രം 1952ലെ രേഖ പരിശോധിക്കണമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.
ഇഷ്ടദാനം ലഭിച്ച ഭൂമിയാണെങ്കില് അതിനു തെളിവ് ഹാജരാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. സിദ്ദിഖ് സേട്ടിന് ലീസിനു നല്കിയ ഭൂമിയാണെങ്കില് അത് വഖഫ് ഭൂമിയാകില്ലെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി.
ഇഷ്ടദാനം ലഭിച്ചതാകാമെന്ന എതിര്‍ഭാഗത്തിന്റെ വാദത്തിനു തെളിവ് ഹാജരാക്കണമെന്നായിരുന്നു ട്രൈബ്യൂണല്‍ മറുപടി നല്‍കിയത്. ഇന്നലെ കൊച്ചിയില്‍ നടന്ന ട്രൈബ്യൂണലിന്റെ സിറ്റിംഗിലാണ് മുനമ്പം വിഷയം പരിഗണിച്ചത്.
മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള വഖഫ് ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു ഫാറൂഖ് കോളജ് അധികൃതരാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. സേട്ടിന്റെ പിന്‍ഗാമികളില്‍നിന്ന് വസ്തു സമ്മാനമായി നേടിയെന്നായിരുന്നു കോളജ് അധികൃതരുടെ വാദം.
ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താർ സേട്ടിന്റെയും സിദ്ദിഖ് സേട്ടിന്റെയും പിന്മുറക്കാർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശമില്ല. ഇത് തിരുവിതാംകൂർ രാജാവ് പാട്ടത്തിനു നൽകിയതാണെന്നും വഖഫ് ട്രൈബ്യൂണലിൽ ഫാറൂഖ് കോളജ് നിലപാടെടുത്തു.
മുനമ്പം ഭൂമി തർക്കത്തിൽ വഖഫ് സംരക്ഷണ സമിതിയെ കക്ഷി ചേർക്കരുതെന്നും ഫാറൂഖ് കോളജ് ആവശ്യപ്പെട്ടു.
1902ൽ തിരുവിതാംകൂർ രാജാവ് ഭൂമി പാട്ടത്തിനു നൽകിയ രേഖകൾ ഉണ്ടോയെന്ന് ട്രൈബ്യൂണൽ സിദ്ദിഖ് സേട്ടിന്റെ പിന്മുറക്കാരോട് ചോദിച്ചു.
രാജാവ് ഇഷ്ടദാനം നൽകിയതാണെന്ന് ഇവർ ട്രൈബ്യൂണലിനെ അറിയിച്ചു. ഭൂമി നിയമപ്രകാരം രജിസ്റ്റർ ചെയ്തു ലഭിച്ചിട്ടുണ്ട്. ഈ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി. മുനമ്പം ഭൂമി കേസിലെ കൂടുതൽ രേഖകൾ പരിശോധിക്കാൻ ട്രൈബ്യൂണൽ കേസ് ജനുവരി 25ലേക്ക് മാറ്റി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങൾക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിനാൽ ഭൂമി വിൽക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ മുമ്പാകെ ഫാറൂഖ് കോളജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുനമ്പത്തേതു വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് ഇഷ്ടദാനമായി കിട്ടിയതാണ്. അതിനാൽ അതു ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും ഫാറൂഖ് കോളജ് വ്യക്തമാക്കിയിരുന്നു.