വട്ടിയൂര്‍ക്കാവില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു: കെ. മുരളീധരന്
Saturday, December 28, 2024 2:55 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് സഖ്യത്തിനു ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
2016ലെ തെരഞ്ഞെടുപ്പില്‍ തനിക്കും പിന്തുണ കിട്ടി. പിന്തുണച്ചത് കുമ്മനം രാജശേഖരനെതിരേ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്ഥിയായപ്പോഴാണെന്നും കെ. മുരളീധരന് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 2019 മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനു ലഭിക്കുന്നുണ്ട്.
അതു ദേശീയതലത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ദേശീയ നയമാണെന്നും മുരളീധരന് വ്യക്തമാക്കി.
ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്. ഇതേ നയത്തിന്റെ ഭാഗമായിത്തന്നെയാണു കോണ്‍ഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്നാട്ടില്‍ പിന്തുണ നല്‍കിയത്.
സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാര്‍. സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ട്. സാധാരണ ഗതിയില്‍ എന്‍എസ്എസിന്റെ ചടങ്ങില്‍ കൂടുതലായും കോണ്‍ഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.