പുതിയ ഗവർണർ രണ്ടിന് ചുമതലയേൽക്കും
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി രണ്ടിനു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റേക്കും.
ബിഹാർ ഗവർണറായ ആർലേക്കർ ജനുവരി ഒന്നിനു തിരുവനന്തപുരത്ത് എത്തുന്നുണ്ട്. രണ്ടിന് ചുമതലയേൽക്കാനാണ് ഇപ്പോഴത്തെ ആലോചനയെങ്കിലും അന്നു മന്നം ജയന്തിയുമായി ബന്ധപ്പെട്ട് അവധിയായ സാഹചര്യത്തിൽ മൂന്നിലേക്കു മാറ്റണമെന്ന അഭിപ്രായവുമുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാന് ഇന്നു വൈകുന്നേരം 4.30ന് രാജ്ഭവൻ ജീവനക്കാർ യാത്രയയപ്പു നൽകും. സർക്കാർ പ്രതിനിധികളായി ഏതാനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുമെന്നാണു സൂചന.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ യാത്രയയപ്പ് ഔദ്യോഗികമായി ഒരുക്കിയിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12നുള്ള വിമാനത്തിൽ ആരിഫ് മുഹമ്മദ്ഖാൻ തിരുവനന്തപുരത്തുനിന്നു മടങ്ങും.
കൊച്ചി വഴിയുള്ള ഫ്ളൈറ്റിലാണു മടങ്ങുക. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ്ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ 30നുള്ള ശിവഗിരി തീർഥാടനത്തിനു ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്.
എന്നാൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഒരാഴ്ച രാജ്യവ്യാപകമായ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപരാഷ്ട്രപതി ശിവഗിരി സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്. അതിനാലാണ് നാളെത്തന്നെ ഗവർണർ മടങ്ങുന്നത്.
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൊതുഭരണ വകുപ്പാണ് സംഘടിപ്പിക്കുന്നത്.
ഡിജിറ്റൽ, കുസാറ്റ്, കേരള അടക്കം വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇന്നു രാവിലെ ഗവർണറെ സന്ദർശിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം ഗവണ്മെന്റ് ദന്തൽ കോളജിലെ പരിശോധനയ്ക്കു ശേഷം, ആരിഫ് മുഹമ്മദ്ഖാൻ വൈകുന്നേരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ പരിപാടിയിലും പങ്കെടുത്തിരുന്നു.