ഡിഎംഒമാരുടെ സ്ഥലംമാറ്റം ; തത്സ്ഥിതി തുടരണമെന്നു ഹൈക്കോടതി
Saturday, December 28, 2024 2:55 AM IST
കൊച്ചി: ഡിഎംഒമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് തത്സ്ഥിതി തുടരണമെന്ന് ഹൈക്കോടതി. ഡിഎംഒമാരടക്കം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഡിസംബര്‍ ഒമ്പതിനു മുമ്പുള്ള സ്ഥിതി ഒരു മാസം വരെ തുടരാനാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡിഎംഒ ഡോ. രാജേന്ദ്രന്, ആരോഗ്യ അഡീ. ഡയറക്ടര്‍ ഡോ. വി. ജയശ്രീ എന്നിവരടക്കമുള്ളവര്‍ക്ക് തത്സ്ഥാനത്തു തുടരാം.
കോഴിക്കോട് ഡിഎംഒ സ്ഥാനത്തുനിന്നു ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അഡീ. ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയും സ്ഥലം മാറ്റിയുള്ള പട്ടികയാണ് ഒമ്പതിനു പുറത്തിറങ്ങിയത്. ഡോ. വി. ജയശ്രീയെയും സ്ഥലം മാറ്റി.
ഇതേത്തുടര്‍ന്ന് രാജേന്ദ്രന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ഒരു മാസത്തിനകം സ്ഥലംമാറ്റ ഉത്തരവില്‍ പരാതിയുള്ളവരെ കേട്ട് സര്‍ക്കാര്‍ പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
നിയമപരമായ അവരുടെ വാദത്തിന് പരിഗണന നല്‍കുകയും യുക്തമായ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിക്കുകയും വേണമെന്നായിരുന്നു 20ലെ ഉത്തരവ്. എന്നാല്‍, തീരുമാനമുണ്ടാകും വരെ നിലവിലെ സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിലുണ്ടായിരുന്നില്ല.
ഇതിനിടെ ഡിസംബര്‍ ഒമ്പതിലെ ഉത്തരവിന്റെ അടസ്ഥാനത്തില്‍ ഡോ. ആശാ ദേവി കോഴിക്കോട് ചുമതലയേറ്റു. ഡോ. രാജേന്ദ്രന് തല്‍സ്ഥാനത്ത് തുടരുകയും ഡോ. ആശാ ദേവി ചുമതലയേല്‍ക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തില്‍ മുന്‍ ഉത്തരവ് നടപ്പാക്കുംവരെ സ്ഥലം മാറ്റപ്പെട്ടവര്‍ തത്സ്ഥാനത്ത് തുടരാന്‍ കെഎടി ഉത്തരവിട്ടു.
എന്നാല്‍, സ്ഥലം മാറ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായി. തുടര്‍ന്ന് പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കേണ്ടി വന്ന ഡോ. രാജേന്ദ്രനും ഡോ. ജയശ്രീയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അനുകൂലമായ ഉത്തരവ് ഒരു മാസത്തിനകം പുറപ്പെടുവിക്കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കെ സ്ഥലം മാറ്റം നടപ്പാക്കാന്‍ ആരോഗ്യ ഡയറക്ടര്‍ നിര്‍ദേശം നല്‍കരുതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.
ചില സ്വേച്ഛാപരമായ നടപടികളുണ്ടായെന്നും ചിലരെ അത് ബാധിച്ചിട്ടുണ്ടെന്നുമുള്ള കാരണത്താലാണു കെഎടി ഉത്തരവിട്ടതെന്നാണ് മനസിലാകുന്നത്. ഈ സാഹചര്യത്തില്‍ ഒരു മാസത്തേക്ക് ഡിസംബര്‍ ഒമ്പതിനു മുമ്പുള്ള തത്സ്ഥിതി തുടരണമെന്നു കോടതി നിര്‍ദേശിക്കുകയായിരുന്നു.