എം.ടി മുന്‍പേ പറഞ്ഞു; പൊതുദര്‍ശനം ഒഴിവാക്കി ഒരുനോക്കു കാണാന്‍ നിള പോലെ ഒഴുക്ക്
സ്വന്തംലേഖകൻ
Friday, December 27, 2024 6:12 AM IST
കോഴിക്കോട്: ഒരിക്കലും ഈ നാട് ഇങ്ങനെ തേങ്ങിയിട്ടില്ല, ആശ്വാസവാക്കുകള്‍ തൂകിയിട്ടില്ല. ദുഃഖം തളം കെട്ടിയ മുഖഭാവത്തില്‍ അവര്‍ ആ നാലുകെട്ടിന്റെ പടി കടന്നു.
അവസാനമായി എം.ടിയുടെ മുഖം കണ്ടു കണ്ണീര് തുടച്ചു; ഇനിയില്ല എംടിയെന്ന തിരിച്ചറിവോടെ... അവര്‍ക്ക് മുന്നിലുണ്ടായിരുന്നത് അവസാനമായി ഒരുനോക്ക് കാണണമെന്ന നിശ്ചയം മാത്രമായിരുന്നു. അതിനായി അവര്‍ കാത്തുനിന്നു... എം.ടിയെന്ന രണ്ടക്ഷരം ഇനി കാലത്തിന്റെ മറുകരയിൽ. കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിലെ സ്വീകരണമുറിയിൽ അണയാതെ കത്തിയിരുന്ന നിലവിളിക്കിനു താഴെ കിടക്കുന്ന എം.ടിയെ കാണാനായി നിള പോലെ നാടൊഴുകുകയായിരുന്നു.
“ഭൗതിക ശരീരം പൊതുദർശനത്തിനു വച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളിൽ വാഹനഗതാഗതം തടസപ്പെടരുത്” എന്ന് കർശനമായി പറഞ്ഞ എം.ടിയുടെ ആവശ്യപ്രകാരം മറ്റെവിടെയും ഭൗതികശരീരം പൊതുദർശനത്തിനു വച്ചിരുന്നില്ല.
വിയോഗമറിഞ്ഞയുടൻ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാർ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ, കോൺഗ്രസ് നേതാക്കളായ പി.എം. നിയാസ്, കെ.സി. അബു എന്നിവർ ആശുപത്രിയിലെത്തി.
ബുധനാഴ്ച രാത്രി 11 ഓടെയായിരുന്നു ഭൗതികശരീരം സിതാരയിലെത്തിച്ചത്. അതിനുശേഷം ശ്മശാനഭൂമിയിലേക്കു കൊണ്ടുപോകുംവരെ ആളുകള്‍ എത്തിക്കൊണ്ടിരുന്നു.