എന്റെ എം.ടി സാർ പോയല്ലോ...
Friday, December 27, 2024 6:12 AM IST
കോഴിക്കോട്: മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽനിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽനിന്ന്, അരങ്ങിൽനിന്നിറങ്ങിയിട്ടും ഹൃദയത്തിൽതന്നെ തങ്ങിനിന്ന കഥാപാത്രങ്ങളിൽനിന്ന് ഒക്കെ എന്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാകാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്കു പകർന്നുതന്ന പിതൃതുല്യനായ എം.ടി സാർ മടങ്ങിയല്ലോ...
എംടി സാർ എനിക്ക് ആരായിരുന്നു എന്നു പറയാൻ പോലും ആകുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ..? വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എം.ടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?
എന്റെ മനസ് ശൂന്യമാകുന്ന പോലെ തോന്നുന്നു
കൊച്ചി: സിനിമാ ജീവിതംകൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എം.ടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും നടന് മമ്മൂട്ടി.ഫേസ്ബുക്കിലാണു മമ്മൂട്ടി വൈകാരികമായ പോസ്റ്റിട്ടത്.
നാലഞ്ചു മാസം മുമ്പ് എറണാകുളത്ത് ഒരു പരിപാടിക്കിടെ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാജീവിതംകൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഒരു യുഗപ്പൊലിമ മങ്ങിമറയുകയാണ്. മനസ് ശൂന്യമാകുന്നപോലെ തോന്നുന്നു- മമ്മൂട്ടി കുറിച്ചു.
വിട വാങ്ങൽ ജീവചരിത്രഗ്രന്ഥം പൂര്‍ത്തിയാകും മുമ്പേ
എം.ടി വിടവാങ്ങിയത് ജീവചരിത്രഗ്രന്ഥം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ.കെ. ശ്രീകുമാറാണ് എം.ടിയുടെ ജീവചരിത്രം എഴുതുന്നത്. പുസ്തകത്തിന്റെ മുക്കാല്‍ ഭാഗം രചനയും പൂര്‍ത്തിയായികഴിഞ്ഞു. മാതൃഭൂമി ബുക്സാണ് പ്രസാധകര്.
ഒരു വര്‍ഷം എം.ടിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ ഗ്രന്ഥരചനയില്‍ ഏര്‍പ്പെട്ടത്. രചനയ്ക്കുമുമ്പ് എം.ടിയുടെ സമ്മതപത്രം വാങ്ങിയിരുന്നു. ഏതാനും മാസംകൂടി കഴിഞ്ഞാല്‍ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് എം.ടിയുടെ വേര്‍പാട്. എം.ടിയുടെ ജീവിതത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണിത്. കുടുംബജീവിതവും സാഹിത്യരംഗത്തെ സംഭാവനകളുമെല്ലാം പ്രതിപാദിക്കുന്നതാണ് പുസ്തകം.
പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ പ്രസംഗം
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കോഴിക്കോട്ട് കഴിഞ്ഞ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലാണു പിണറായി വിജയനെ വേദിയിലിരുത്തി അധികാരരാഷ്ട്രീയത്തിനും നേതൃപൂജയ്ക്കുമെതിരേ എം.ടി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.
രാഷ്ട്രീയരംഗത്തും സാഹിത്യമേഖലയിലും ഈ പ്രസംഗം വലിയ ചലനമുണ്ടാക്കിയിരുന്നു. എം.ടിയുടെ നിലപാടിനെ പിന്തുണച്ച് എന്‍.എസ്. മാധവനും സാറാ ജോസഫും സക്കറിയയുമടക്കമുള്ള എഴുത്തുകാര്‍ രംഗത്തെത്തിയിരുന്നു. ഭരണാധികാരികള്‍ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യമെന്നും അധികാരം ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതിയെന്നും എം.ടി വിമർശിച്ചിരുന്നു.
നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകംപേരുമെന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാന്‍ ഇ.എം.എസ് ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും എം.ടി പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്നു തോന്നിയാല്‍ അതു സമ്മതിക്കുന്ന പതിവ് നമ്മുടെ രാഷ്ട്രീയ , സാമൂഹ്യ, സാംസ്കാരിക ജീവിതമണ്ഡലങ്ങളിലെ മഹാരഥന്മാര്ക്കില്ലെന്നും ഇ.എം.എസ് അങ്ങനെയായിരുന്നില്ലെന്നും എം.ടി വിമര്‍ശിച്ചിരുന്നു.