പെരിയ ഇരട്ടക്കൊല കേസ് വിധി; സിപിഎമ്മും സർക്കാരും പ്രതിരോധത്തിൽ
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ കോടതിവിധി സിപിഎമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി. വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് യുഡിഎഫ് രംഗത്തിറങ്ങുന്പോൾ പ്രതിരോധിക്കാൻ സിപിഎമ്മും സർക്കാരും വിഷമിക്കും.
കൊലപാതകവുമായി പാർട്ടിക്കു ബന്ധമില്ലെന്ന പതിവ് വാദമാണു കോടതിവിധിക്കു ശേഷവും സിപിഎം നേതൃത്വം ഉയർത്തുന്നത്. എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ ഇങ്ങനെ പ്രതികരിച്ചപ്പോൾ, നിരപരാധികളായ പാർട്ടിക്കാർക്കു വേണ്ട സഹായം ചെയ്യുമെന്നാണ് ഇ.പി. ജയരാജൻ പ്രതികരിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധത്തിനു ശേഷം സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു പെരിയ ഇരട്ടക്കൊല. സംഭവത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന വാദം ഉയർത്തുന്പോൾതന്നെ അന്വേഷണം വഴി തിരിച്ചുവിടാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്കു വിടണമെന്ന കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആവശ്യത്തെ സർക്കാർ പറ്റാവുന്ന വിധത്തിലെല്ലാം തടയാൻ ശ്രമിച്ചു. ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും വരെ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ അപ്പീലുമായി പോയി.
കോടതികളിൽ സർക്കാരിനുവേണ്ടി വാദിക്കാൻ ഡൽഹിയിൽനിന്നു പ്രഗത്ഭരായ അഭിഭാഷകരെ എത്തിച്ചു. ഇതിനു വേണ്ടി സർക്കാർ ഖജനാവിൽ നിന്നു ലക്ഷങ്ങൾ ചെലവഴിച്ചു. ഇതിനെതിരേ അതിശക്തമായ പ്രതിഷേധം ഉയർന്നുവന്നപ്പോഴും തീരുമാനത്തെ മുഖ്യമന്ത്രി ഉൾപ്പെടെ ന്യായീകരിച്ചു. എന്നാൽ സുപ്രീംകോടതിയും സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിച്ചതോടെ സർക്കാരിനു മറ്റു നിർവാഹമില്ലാതായി.
മുൻ എംഎൽഎ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയതോടെ പാർട്ടിക്ക് സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാത്ത നിലയായി. ടി.പി. കേസും ഷുഹൈബ് കേസും അരിയിൽ ഷുക്കൂർ വധക്കേസുമെല്ലാം ഒന്നിനു പിറകെ ഒന്നായി സിപിഎമ്മിനെ വിടാതെ പിടികൂടുന്പോൾ ഈ വിഷയം ഉയർത്തി സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്.
കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരുടെ കുടുംബത്തിനു താങ്ങായി നിൽക്കുന്നതിൽ കോണ്‍ഗ്രസ് ഏറെ ശ്രദ്ധിച്ചിരുന്നു. അവർക്കുവേണ്ട നിയമസഹായം നൽകുന്നതിലും കോണ്‍ഗ്രസ് പിന്നോട്ടു പോയില്ല എന്നതു ശ്രദ്ധേയമാണ്. ഇതു കോണ്‍ഗ്രസിൽ പതിവില്ലാത്ത കാര്യമാണ്.
അടുത്ത രണ്ടുവർഷങ്ങളിലും സംസ്ഥാനം തെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചാത്തലത്തിൽ കോടതി വിധിക്കു രാഷ്ട്രീയ പ്രാധാന്യമുണ്ട്. അരിയിൽ ഷുക്കൂർ വധക്കേസ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ജയരാജനും മുൻ എംഎൽഎ ടി.വി. രാജേഷും നൽകിയ ഹർജി സിബിഐ കോടതി തള്ളിയതിനു പിന്നാലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ മറ്റൊരു കോടതിവിധി കൂടി വന്നിരിക്കുകയാണ്.
“പ്രതികൾക്കുവേണ്ടി ചെലവഴിച്ച പണം പാർട്ടി സർക്കാരിലേക്ക് അടയ്ക്കണം”
നെടുമ്പാശേരി: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം കൂടുതൽ വർധിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീവ്രവാദ സംഘടനകളേക്കാള്‍ ക്രൂരമായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറി.
രണ്ടു ചെറുപ്പക്കാരെ ഒരു കാരണവുമില്ലാതെ ക്രൂരമായി കൊലപ്പെടുത്തിയതിലൂടെ രണ്ടു കുടുംബങ്ങളെയാണ് അനാഥമാക്കിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. കൊലപാതകം നടത്തിയതും അതു ചെയ്യിച്ചതും സിപിഎമ്മാണ്.
പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സിപിഎമ്മുമാണ്. രണ്ടുചെറുപ്പക്കാരെ ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ ഒളിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണല്ലോ ഭരിക്കുന്നതെന്ന് ഓര്‍ത്തു കേരളം ലജ്ജിച്ച് തല താഴ്ത്തും.
സിബിഐ വരാതിരിക്കാന്‍ നികുതിപ്പണത്തില്‍നിന്നും ഒരു കോടിയോളം രൂപ ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പത്തു പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയ വിധിക്കെതിരേ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നല്‍കും.
പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി പൊതുഖജനാവില്‍നിന്നു ചെലവഴിച്ച ഒരു കോടിയോളം രൂപ സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.