നാല് വൈദികരുടെമേലുള്ള നിയമനടപടികള്‍ പ്രത്യേക ട്രൈബ്യൂണലില്‍
Sunday, December 29, 2024 1:28 AM IST
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ നാല് വൈദികരുടെമേലുള്ള നിയമനടപടികള്‍, അതിരൂപതയ്ക്കുവേണ്ടി സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണലിലേക്ക് റഫര്‍ ചെയ്തു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയുടെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി മുന്‍ വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, പാലാരിവട്ടം സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളി മുന്‍ വികാരി ഫാ. തോമസ് വാളൂക്കാരന്, മാതാനഗര്‍ വേളാങ്കണ്ണിമാതാ പള്ളി മുന്‍ വികാരി ഫാ. സ്റ്റീഫന്‍ (ബെന്നി) പാലാട്ടി എന്നിവരുടെ മേലുള്ള നടപടികളാണ് ഇനി ട്രൈബ്യൂണല്‍ പരിഗണിക്കുക.
നാലു പേരെയും കഴിഞ്ഞ 22 മുതല്‍ വൈദികനടുത്ത എല്ലാ ചുമതലകളില്‍നിന്നും അപ്പസ്തോലിക് അഡ്മിനിട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. പൗരസ്ത്യ കാനന്‍ നിയമസംഹിതയിലെ 1473-ാം കാനോന അനുസരിച്ച് ഈ വൈദികരുടെമേല്‍ ചില നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പില്‍ വരുത്തുകയും ചെയ്തു.
തങ്ങള്‍ക്ക് നിശ്ചയിച്ചുനല്കപ്പെട്ടിരിക്കുന്ന സ്ഥാപനത്തിലെ സ്വകാര്യ ചാപ്പലില്‍ അവര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം. എന്നാല്‍, മറ്റൊരിടത്തും ബലിയര്‍പ്പിക്കുവാനോ ബലിയര്‍പ്പണത്തില്‍ സഹകാരികള്‍ ആകുവാനോ കൂദാശകളോ കൂദാശാനുകരണങ്ങളോ പരികര്‍മം ചെയ്യാനോ സാധ്യമല്ല. ഈ നിരോധനങ്ങളുടെ ലംഘനം ശിക്ഷാര്‍ഹമാണ്.
നാലു വൈദികരുടെമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനങ്ങള്‍ക്കും നിയന്ത്രണണങ്ങള്ക്കും എതിരേ പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് പൗരസ്ത്യ കാനോന സംഹിതയിലെ 999, 1000 എന്നീ കാനോനകളില്‍ പറയുന്ന പ്രതിവിധി തേടാവുന്നതാണെന്നും അതിരൂപത കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു.