ട്രെയിൻ സമയം ജനുവരിയിൽ മാറും
Saturday, December 28, 2024 2:54 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കേരളത്തിലടക്കം ട്രെയിൻ സമയത്തിൽ 2025 ജനുവരി മുതൽ മാറ്റം വരുന്നു. വണ്ടികളുടെ സമയവിവരങ്ങൾ അറിയാനുള്ള റെയിൽവേയുടെ ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) പുതിയ സമയങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്, മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് എന്നിവയുടെ സമയമാറ്റം ഉറപ്പായിട്ടുണ്ട്.
കൂടാതെ ഏറനാട് എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പാലരുവി എന്നിവയുടെ സമയത്തിലും വ്യത്യാസം ഉണ്ടാകും. കൊല്ലത്തുനിന്നു രാവിലെ തിരുവനന്തപുരത്തിന് പോകുന്ന പാസഞ്ചർ ട്രെയിനിന്റെ സമയത്തിലും മാറ്റമുണ്ട്.
വേണാട് എക്സ്പ്രസ് ജനുവരി ഒന്നുമുതൽ രാവിലെ 5.20നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. നിലവിൽ 5.25നാണ് യാത്ര ആരംഭിച്ചിരുന്നത്.
മലബാർ എക്സ്പ്രസ് പുതിയ സമയക്രമം അനുസരിച്ച് അര മണിക്കൂർ നേരത്തേ തിരുവനന്തപുരത്തെത്തും. ഇപ്പോൾ രാവിലെ ഒമ്പതിനാണ് എത്തുന്നത്. ഒന്നു മുതൽ രാവിലെ 8.30ന് എത്തും. ഈ വണ്ടി മംഗലാപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.എറണാകുളം മുതലാണു സമയമാറ്റം.
എറണാകുളത്തുനിന്ന് പുലർച്ചെ 3.20ന് പുറപ്പെടും. കോട്ടയത്ത് 4.32ന് എത്തി 4.35ന് യാത്ര തിരിക്കും. കൊല്ലത്ത് 6.22ന് എത്തി 6.25ന് പുറപ്പെടും. നിലവിൽ മലബാർ എക്സ്പ്രസ് രാവിലെ 7.02ന് എത്തി 7.05ന് പുറപ്പെടുന്നതായിരുന്നു സമയക്രമം.
രാവിലെ 5.20ന് പുറപ്പെടുന്ന വേണാട് കൊല്ലത്ത് ഇനി 6.30ന് എത്തി 6.33ന് പുറപ്പെടും. കായംകുളം 7.15 -7.17, കോട്ടയം 8.21-8.24, എറണാകുളം ടൗൺ 9.40- 9.45, തൃശൂർ 11.04 - 11.07, ഷൊർണൂർ 12.25 എന്നിങ്ങനെയാണ് പുതിയ സമയവിവരം. തിരികെയുള്ള വേണാടിന്റെ സമയതിലും മാറ്റം വരുത്തിയേക്കുമെന്നു സൂചനയുണ്ട്.
കേരളത്തിൽ സർവീസ് നടത്തുന്ന 85 ശതമാനം ട്രെയിനുകളുടെയും സമയത്തിൽ നേരിയ മാറ്റം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ ഒരു മിനിറ്റ് മുതൽ അര മണിക്കൂർ വരെ മാറ്റം വരുത്താനാണു സാധ്യത.
പാസഞ്ചർ ട്രെയിനുകളുടെ പഴയ നമ്പരുകൾ പുനഃസ്ഥാപിക്കുന്നത് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് പല പാസഞ്ചർ ട്രെയിനുകളും നമ്പർ മാറ്റി അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷലായാണു സർവീസ് നടത്തിയിരുന്നത്. മിനിമം നിരക്ക് 10 രൂപയിൽനിന്ന് 30 ആയി ഉയർത്തുകയും ചെയ്തു. പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പഴയപടി ആകുമ്പോൾ അവയിലെല്ലാം മിനിമം നിരക്ക് 10 രൂപയാക്കി കുറയ്ക്കുമെന്നാണു കരുതുന്നത്.
തിരുവനന്തപുരം-നിസാമുദീൻ സ്പെഷൽ ട്രെയിൻ
കൊല്ലം: അവധിക്കാലതിരക്ക് പ്രമാണിച്ച് തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദീൻ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. 04082 നിസാമുദീൻ - തിരുവനന്തപുരം ട്രെയിൻ ഇന്നു രാത്രി 7.20ന് നിസാമുദീനിൽനിന്നു പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 7.45ന് തിരുവനന്തപുരത്തെത്തും.
തിരികെയുള്ള സർവീസ് (0481) തിരുവനന്തപുരത്തുനിന്ന് 31ന് രാവിലെ 7.50ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 6.45ന് നിസാമുദീനിൽ എത്തും. വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.