സീരിയല്‍ നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ കേസ് പ്രത്യേക അന്വേഷണസംഘത്തിന്
Saturday, December 28, 2024 2:55 AM IST
കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നടന്മാര്ക്കെതിരായ കേസ് പ്രത്യേക അന്വേഷണസംഘത്തിനു (എസ്ഐടി) കൈമാറി. ഇന്ന് അന്വേഷണം ആരംഭിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപവത്കരിച്ച എസ്ഐടിക്ക് കൈമാറി ഇന്നലെ വൈകുന്നേരമാണ് ഉത്തരവിറങ്ങിയത്.
എസ്ഐടി നോഡല്‍ ഓഫീസര്‍ കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചിയില്‍ സീരിയല്‍ ചിത്രീകരണം നടക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
പ്രതിപ്പട്ടികയിലുള്ള നടന്മാരുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുമെന്നാണു സൂചന. നടപടിയുടെ ഭാഗമായി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി.
എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസില്‍ ലഭിച്ച പരാതി തൃക്കാക്കര സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ഇവിടുന്നാണ് എസ്ഐടിക്ക് കൈമാറിയത്.