ദുഃഖാചരണത്തിനിടെ പൊതുചടങ്ങ്: മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷനേതാവ്
Sunday, December 29, 2024 1:28 AM IST
നെടുമ്പാശേരി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിന്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും.
നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. പത്തു വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണു കാണിച്ചതെന്നും സംസ്കാരച്ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയിൽ പങ്കെടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കേയാണ് മുഖ്യമന്ത്രിയെപ്പോലെ ഒരാൾ ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതിൽ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൻമോഹൻ സിംഗ് വെറുമൊരു വ്യക്തിയല്ലെന്നും കേരളത്തിൽ ഇന്നലത്തെ പൊതുചടങ്ങുകൾ മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരാലും ആദരിക്കപ്പെടുന്നയാളാണ് മൻമോഹൻ സിംഗെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.