ഗവർണറോടുള്ള സമീപനം: സിപിഎം പുനരാലോചനയ്ക്ക്
സ്വന്തം ലേഖകൻ
Friday, December 27, 2024 6:12 AM IST
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണറായി എത്തുന്പോൾ നിലവിലെ സർക്കാർ-ഗവർണർ പോരു കൂടുതൽ രൂക്ഷമാകുമോയെന്നതാണ് ഇനിയുള്ള ആകാംക്ഷ. ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ആർഎസ്എസുകാരൻകൂടിയായ പുതിയഗവർണർ രാജേന്ദ്ര അർലേക്കർ പിന്തുടരുമോയെന്നു കണ്ടറിയണം.
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ വിശ്വസ്തനായ അർലേക്കറെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഗവർണറുടെ രാഷ്ട്രീയദൗത്യത്തെ സംബന്ധിച്ച് ഇവിടുത്തെ ബിജെപി നേതാക്കൾക്കു ഒരറിവും ഉണ്ടാകാനിടയില്ല.
കേരളത്തിൽ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും ഇടതുപക്ഷ സർക്കാരും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെ മറികടന്നു ചാൻസലർ പദവി ഉപയോഗിച്ചു ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ബന്ധമുള്ളവരെ നിയമിച്ചു.
ഗവർണറുടെ നടപടി കോടതിയിലും ഒരു പരിധി കഴിഞ്ഞപ്പോൾ എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ തെരുവിലും നേരിടുന്ന അവസ്ഥയിലേക്കു നീങ്ങി. സർവകലാശാലാ നിയമനങ്ങളിൽ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനങ്ങളിൽ പലതിനോടും കോടതി വിയോജിപ്പു രേഖപ്പെടുത്തി. ചില സമയങ്ങളിൽ സർക്കാരിനും കോടതിയുടെ ശക്തമായ വിമർശനം കിട്ടി. ഇതെല്ലാം നടക്കുന്പോൾ തന്നെ സംസ്ഥാനത്തെ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കൾക്കു രാജ്ഭവന്റെ പ്രവർത്തനങ്ങളിൽ കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു.
ഗവർണർ ഭരണഘടനാപരമായാണു പ്രവർത്തിക്കേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നേക്കൂട്ടി പറഞ്ഞിട്ടുണ്ട്. ഖാന്റെ വഴിയാണു അർലേക്കറും സ്വീകരിക്കുന്നതെങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന മുന്നറിയിപ്പും കൂടിയാണു ഗോവിന്ദൻ ഇതുവഴി നൽകുന്നത്. ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും പാർട്ടി സെക്രട്ടറിയുടെ അഭിപ്രായംതന്നെയാണു പങ്കുവച്ചതും. ആരിഫ് ഖാനെ നേരിട്ട രീതിയിൽ അർലേക്കറിനോടും ഇടപെട്ടാൽ കേന്ദ്രം ശക്തമായി ഇടപെടുമെന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടുതന്നെ പുതിയ ഗവർണറോടു സ്വീകരിക്കേണ്ട സമീപനത്തെ സംബന്ധിച്ചു സിപിഎമ്മും സർക്കാരും പുനരാലോചിക്കേണ്ടി വരും.