സിബിഐയെ തടയാനുള്ള സിപിഎം ശ്രമം പാഴായി; ഖജനാവിന് ചെലവ് 90.77 ലക്ഷം
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം തടയാൻ സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ പലപ്പോഴായി നടത്തിയ നീക്കങ്ങളെല്ലാം തകർന്നടിഞ്ഞു.
കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് കോണ്ഗ്രസ് പാർട്ടിയും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണു സർക്കാർ സ്വീകരിച്ചത്.
സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ, കോടതി വിധി ചോദ്യം ചെയ്തു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം തടയാൻ ഡൽഹിയിൽ നിന്ന് പ്രമുഖ അഭിഭാഷകരെയാണ് സർക്കാർ ഇറക്കിയത്.
ഒരു സിറ്റിംഗിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന മനീന്ദർ സിംഗ്, രഞ്ജിത് കുമാർ, പ്രഭാസ് ബജാജ് തുടങ്ങിയ പ്രഗൽഭ അഭിഭാഷകരെയാണ് സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ഇറക്കിയത്.
ഇവർക്ക് 88 ലക്ഷം രൂപയാണ് വക്കീൽ ഫീസ് ഇനത്തിൽ മാത്രം നൽകിയത്. കൂടാതെ വിമാന ടിക്കറ്റിനായി 2.10 ലക്ഷവും ഹോട്ടൽ താമസത്തിനും ചെലവിനുമായി 66,591 രൂപയും നൽകി. 90.77 ലക്ഷം രൂപയാണ് സിബിഐ അന്വേഷണം തടയാനുള്ള ചെലവിനത്തിൽ മാത്രം ഖജനാവിൽ നിന്ന് നൽകിയത്.
സിപിഎം മുൻ എംഎൽഎയും ലോക്കൽ, ഏരിയ സെക്രട്ടറിമാരായിരുന്നവരും അടക്കം പ്രതിപ്പട്ടികയിൽ എത്തിയതോടെ ഇവരെ രക്ഷിക്കാനായിരുന്നു സിപിഎം നീക്കം. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും അതിക്രൂരമായി കൊല്ലപ്പെട്ടത്.
കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 14 പ്രതികൾക്കും കൊച്ചിയിലെ സിബിഐ കോടതി ശിക്ഷ വിധിച്ചു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.