എറണാകുളം- കൊച്ചുവേളി റൂട്ടിൽ മെമു എക്സ്പ്രസ് സ്പെഷൽ
Sunday, December 29, 2024 1:28 AM IST
കൊല്ലം: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് എറണാകുളം - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ മെമു എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ.
30, 31, ജനുവരി ഒന്ന് തീയതികളിലാണ് സർവീസ്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ ചരിത്രത്തിൽ ആദ്യമായാണ് മെമു സ്പെഷൽ ട്രെയിൻ സർവീസ് നടത്തുന്നത്.
എറണാകുളത്തു നിന്ന് രാവിലെ 9.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45 ന് കൊച്ചുവേളിയിൽ എത്തും.തിരികെയുള്ള സർവീസ് 12.55 ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 4.35 ന് എറണാകുളത്ത് എത്തും. 12 കോച്ചുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വൈക്കം റോഡ്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പരവൂർ, വർക്കല എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.