തേനിയിൽ കാറപകടം;മൂന്ന് മലയാളികൾ മരിച്ചു
Sunday, December 29, 2024 1:28 AM IST
കുമളി: തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് കാറും മിനി ബസും കൂട്ടിയിടിച്ച് കോട്ടയം കുറവിലങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളെ ഗുരുതര നിലയിൽ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
കുറവിലങ്ങാട് കുര്യം അമ്പലത്തുങ്കൽ എ. ഡി പത്രോസിന്റെ (കുട്ടി) മകൻ ജോബിൻ തോമസ് (33) കുര്യം കാഞ്ഞിരത്തുങ്കൽ പരേതനായ ജോസിന്റെ മകൻ സോണിമോൻ (45), കുര്യം കോയിക്കൽ പരേതനായ തോമസിന്റെ മകൻ ജെയിൻ തോമസ് (30) എന്നിവരാണ് മരിച്ചത് .
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കുര്യം ഗോവിന്ദപുരം ചുരത്താൻകുന്നേൽ പി. ഡി ഷാജി (47)യെ പരിക്കുകളോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട്ടേക്ക് തീർത്ഥാടനത്തിനു പോവുകയായിരുന്ന തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനിബസ് അമിതവേഗതയിലെത്തി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പറയുന്നത്. മിനിബസിലുണ്ടായിരുന്ന 18 യാത്രക്കാർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയിലാണ് നാലുപേരടങ്ങുന്ന സംഘം ജെയിൻ തോമസിന്റെ ഉടമസ്ഥതയിലുള്ള കാറിൽ വേളാങ്കണ്ണിക്ക് തിരിച്ചത്. മരിച്ച ജോബിൻതോമസ് ഡ്രൈവറാണ്, അമ്മ ത്രേസ്യാമ്മ ചെങ്ങളം ചൂളായിക്കോട്ട് കുടുംബാംഗം.
കാഞ്ഞിരത്തുങ്കൽ പരേതനായ ജോസിന്റെ മകൻ സോണിമോൻ കെട്ടിടനിർമ്മാണ തൊഴിലാളിയാണ് ഭാര്യ ലിസി മൂവാറ്റുപുഴ കല്ലുവീട്ടിൽകുടുംബാഗമാണ്. മകൻ ആൽബിൻ സോണി കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കുൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. മാതാവ് മേരിക്കുട്ടി, സഹോദരൻ: സോജിമോൻ.
പരേതനായ കോയിക്കൽ തോമസിന്റെയും മിനിയുടെയും മകനാണ് ജെയിൻ തോമസ് . ഭാര്യ അയർക്കുന്നം മൈലക്കുഴിയിൽ കുടുംബാംഗം നീനുമോൾ സൗദിയിൽ നഴ്സാണ്. സഹോദരി ജയന്തി.