ആർലേക്കർ ഗവർണറായി രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി രണ്ടിന് രാവിലെ 10.30നു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കം 400 പേരെ പൊതുഭരണ വകുപ്പു ചടങ്ങിലേക്ക് ക്ഷണിക്കും. ചടങ്ങിനു ശേഷം ചായസത്കാരവുമുണ്ട്. നിലവിൽ ബിഹാർ ഗവർണറായ ആർലേക്കർ ഒന്നിന് തലസ്ഥാനത്തെത്തും.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നു രാവിലെ 11.30ന് കൊച്ചി വഴി ഡൽഹിയിലേക്ക് പോകും. അദ്ദേഹവും രണ്ടിന് ബിഹാർ ഗവർണറായി ചുമതലയേൽക്കും. ഇന്നലെ രാജ്ഭവൻ ജീവനക്കാർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പു നൽകി, നിലവിളക്ക് അടക്കമുള്ള ഉപഹാരങ്ങൾ നൽകി.
വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. നിലവിലുള്ള പദ്ധതികൾ തുടരണമെന്നു വിസിമാർക്കു ഗവർണർ നിർദേശം നൽകി.