ആഘോഷങ്ങളിലെ വെടിക്കെട്ട് മാനദണ്ഡം: സര്‍ക്കാര്‍ പരിപാടികളിലും നിർബന്ധമാക്കണമെന്ന് ഹൈക്കോടതി
Friday, December 27, 2024 6:13 AM IST
കൊച്ചി: ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിപാടികളിലും പാലിക്കണമെന്നു ഹൈക്കോടതി. വെടിക്കെട്ടിനുള്ള അനുമതിക്കു ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ല.
ഒക്ടോബര്‍ 11നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വെടിക്കെട്ട് നടത്തുന്നതിനു ഫയര്‍ ഡിസ്പ്ലേ അസിസ്റ്റന്റ് അല്ലെങ്കില്‍ ഫയര്‍ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഇയാളെ നിയമിച്ചുകൊണ്ടുള്ള എക്സ്പ്ലോസീവ്സ് കണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റോടുകൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.
ഈ നിബന്ധനകള്‍ പാലിച്ചില്ലെന്നു കാണിച്ച് ഏതാനും ആരാധനാലയങ്ങളിലെ വെടിക്കെട്ടിനു ജില്ലാ കളക്ടര്‍മാര്‍ അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു കേന്ദ്ര വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലെന്നും അതിനാല്‍ വെടിക്കെട്ടിന് അനുമതി നല്കാന് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിഷയത്തില്‍ പരിഹാരം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിരുന്നു.
നിലവിലെ അവസ്ഥയ്ക്ക് കാരണം കേന്ദ്ര വിജ്ഞാപനമാണെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചട്ടങ്ങള്‍ നിലനില്ക്കുമ്പോള്, വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നല്കാന് സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ ആവില്ലെന്ന് ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി.
നിയമവും പൊതുതാത്പര്യവും കണക്കിലെടുത്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിനും പൗരനും ഇരട്ട നീതി പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.
നിയമം എല്ലാവര്ക്കും ഒരുപോലെയാകണം. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിര്‍ബന്ധമാക്കണമെന്നാണു ഹൈക്കോടതി നിര്‍ദേശം.