വിട എം.ടി
സ്വന്തം ലേഖകന്‍
Friday, December 27, 2024 6:13 AM IST
കോഴിക്കോട്: മലയാളത്തിന്റെ മഹാപ്രതിഭ കാലപ്രവാഹത്തിലെ സുകൃതമായി എരിഞ്ഞടഞ്ഞി. രോഗശയ്യയില്നിന്നൊരു രണ്ടാമൂഴം എന്ന പ്രതീക്ഷയുമായി കാത്തിരുന്ന നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് മൂന്നു തലമുറയെ കഥകളുടെ ജ്ഞാനപീഠം കയറ്റിയ എം.ടി. വാസുദേവന്‍ നായര്‍ (91) ക്രിസ്മസ് ദിനത്തില്‍ ഓര്‍മയുടെ നാലുകെട്ടിലേക്കു മടങ്ങിയത്.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 11 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടിയുടെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളായി. പത്തോടെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നോടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം 4.15ന് എം.ടി അവസാനമായി "സിതാര’യുടെ പടിയിറങ്ങി. വൈകുന്നേരം അഞ്ചിനു മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യവിശ്രമം. സഹോദരന്റെ മകന് ടി. സതീശൻ, മരുമക്കളായ എം.ടി. രാമകൃഷ്ണന്, എം.ടി. രാജീവ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ഏകാന്തതയെ പ്രണയിച്ച സാഹിത്യകാരന് അന്ത്യോപചാരമര്‍പ്പിക്കാന്‍ "സിതാര’യിലേക്ക് ജനസഞ്ചയമാണ് ഒഴുകിയെത്തിയത്.
കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്കു ഭൗതികശരീരം വഹിച്ച് ആംബുലൻസ് എത്തിച്ചേരുന്ന വഴിയോരങ്ങളിലും ആളുകള്‍ കാത്തുനിന്നു. നൂറുകണക്കിനു പേർ എം.ടിക്കൊപ്പം നടന്നപ്പോൾ അന്ത്യയാത്ര ആരുടെയും ആസൂത്രണമില്ലാതെതന്നെ വലിയ വിലാപയാത്രയായി മാറി. നാലേമുക്കാലോടെ മൃതശരീരം എത്തിക്കുമ്പോഴേക്കും സ്മൃതിപഥവും പരിസരവും ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. വൈകുന്നേരം 5.30 ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് എം.ടി യുടെ ഭാര്യ. യുഎസില്‍ ബിസിനസ് എക്സിക്യൂട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവരാണു മക്കൾ. മരുമക്കള്‍: സഞ്ജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യയാണ്. സഹോദരങ്ങൾ: പരേതരായ എം.ടി. ഗോവിന്ദൻനായർ, നാരായണൻ നായർ, ബാലൻ നായർ.
മുഖ്യമന്ത്രി പിണറായി വിജയന്, നടന് മോഹന്‍ലാല്‍, മന്ത്രിമാരായ സജി ചെറിയാന്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ്, എം.ബി. രാജേഷ്, കെ.കൃഷ്ണൻ കുട്ടി, കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, സംവിധായകരായ ഹരിഹരന്, വി.എം. വിനു, സത്യന് അന്തിക്കാട്, ശ്യാമപ്രസാദ്, നടന്മാരായ വിനീത്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മേയർ ഡോ. ബീന ഫിലിപ്പ്, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, രാഷ്ട്രീദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.ബെന്നി മുണ്ടനാട്ട്, കെ.കെ. ശൈലജ എംഎൽഎ, എ. പ്രദീപ്കുമാർ ഉള്‍പ്പെടെയുള്ള പ്രമുഖർ എം.ടിക്കു അന്ത്യോപചാരമർപ്പിച്ചു.