ഡോ. മൻമോഹൻ സിംഗ് മാതൃക: മാർ റാഫേൽ തട്ടിൽ
Sunday, December 29, 2024 1:28 AM IST
കൊച്ചി: സംശുദ്ധമായ പൊതുപ്രവർത്തനത്തിന് മാതൃകയായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആധുനിക ഇന്ത്യ നിർമിക്കുന്നതിൽ അദ്ദേഹം നിർണായകമായ പങ്ക് വഹിച്ചു.
വിദ്യാഭ്യാസ അവകാശം, തൊഴിലുറപ്പ്, വനാവകാശം, വിവരാവകാശം, ആരോഗ്യ മിഷൻ എന്നിങ്ങനെ നിരവധി ക്ഷേമപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. മികച്ച സാമ്പത്തിക വിദഗ്ധനായിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ഇന്ത്യയുടെ വികസനമുന്നേറ്റത്തിൽ നിർണായക സ്വാധീനം ചെലുത്തി.
ഉന്നതചിന്തയും സൗമ്യഭാഷണവും വശ്യമായ പുഞ്ചിരിയും ഡോ. മൻമോഹൻ സിംഗിനെ ലോകനേതാക്കളിൽ എന്നും വ്യത്യസ്തനാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.