ക്രിസ്മസ് കരോൾ തടഞ്ഞ എസ്ഐക്കു ക്ലീന്‍ ചിറ്റ് നല്കി പോലീസ് റിപ്പോര്‍ട്ട്
Sunday, December 29, 2024 1:28 AM IST
തൃശൂര്‍: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിലെ ക്രിസ്മസ് കരോൾ തടഞ്ഞ ചാവക്കാട് എസ്ഐക്കു ക്ലീന്‍ ചിറ്റ് നല്കി പോലീസ് റിപ്പോര്‍ട്ട്.
അനുമതി വാങ്ങാതെ മൈക്ക് ഉപയോഗിക്കുന്നതാണ് എസ്ഐ വിലക്കിയത്. ഇതിൽ നിയമപരമായി വീഴ്ച പറ്റിയിട്ടില്ല.
അതേസമയം, അനാവശ്യവിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംഭവത്തിനുശേഷം ശബരിമല ഡ്യൂട്ടിയിലേക്കു മാറ്റിയ എസ്ഐ വിജിത്തിനെ എരുമപ്പെട്ടി എസ്ഐയായി നിയമിക്കാനും തീരുമാനിച്ചു.
ക്രിസ്മസ് തലേന്നു രാത്രി ഒമ്പതോടെ പള്ളിയങ്കണത്തിൽ തുടങ്ങാനിരുന്ന കരോൾ ഗാനാലാപനമാണ് പോലീസെത്തി തടഞ്ഞത്.
പള്ളിമുറ്റത്തു കൊടിമരത്തിനുസമീപം ചെറിയ വേദിയൊരുക്കിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ക്രിസ്മസ് തിരുക്കർമങ്ങൾക്കായി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തീർഥകേന്ദ്രത്തിൽ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം.