നവീന്‍ ബാബുവിന്റെ മരണം: കൊലപാതകമാണോയെന്നു സംശയമുണ്ടെന്ന് ഭാര്യ
Wednesday, November 27, 2024 6:51 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. മരണം ആത്മഹത്യതന്നെയാണോയെന്നു സംശയമുണ്ടെന്നു പറയുന്ന ഹർജിയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഉന്നയിച്ചിട്ടുണ്ട്.
പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്ന വിധത്തിലാണു പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം. യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബുവിനെ ആരെല്ലാം സന്ദര്‍ശിച്ചിരുന്നുവെന്നു കണ്ടെത്തേണ്ടത് കേസിന്റെ മറനീക്കാന്‍ അനിവാര്യമാണ്. കളക്ടറേറ്റ് പരിസരത്തെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെയും റെയില്‍വേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്. എന്നാല്‍, പ്രത്യേകസംഘം ഇതു പിടിച്ചെടുത്തിട്ടില്ല.
നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ചു പെട്രോള്‍ പമ്പ് അപേക്ഷകന് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. പി.പി. ദിവ്യയുടെ വാദത്തിനു പിന്‍ബലമാകുന്നതിന് അത്തരമൊരു വ്യാജക്കത്ത് ചമയ്ക്കാന്‍ അന്വേഷണസംഘം കൂട്ടുനിന്നതായി സംശയമുണ്ട്.
ഒക്ടോബര്‍ 15നു രാവിലെ എട്ടിന് കളക്ടറേറ്റ് ഉദ്യോഗസ്ഥനാണു നവീന്‍ ബാബുവിന്റെ മരണവിവരം അറിയിച്ചത്. വീട്ടുകാര്‍ എത്തുംമുമ്പ് പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയതു സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടു.
വകുപ്പുതല പരിപാടിയായിരുന്നിട്ടും യാത്രയയപ്പ് യോഗം തുടങ്ങിയശേഷം അതിക്രമിച്ചു കയറുന്ന നിലയിലാണ് ദിവ്യ എത്തിയത്. അഴിമതിക്കാരനാണെന്നും പതിവായി കോഴ വാങ്ങുന്നയാളാണു നവീനെന്നും ആക്ഷേപിച്ചു. പ്രസംഗം ചാനലുകളില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്.
ഇവരില്‍നിന്നു സംഘടിപ്പിച്ച ദൃശ്യങ്ങള്‍ പ്രതി റവന്യു ഓഫീസുകളില്‍ പ്രചരിപ്പിച്ചു. റിട്ടയര്‍മെന്റിനു മുമ്പ് നവീന്‍ ബാബു അന്തിമമായി ജോലി ചെയ്യേണ്ടിയിരുന്ന പത്തനംതിട്ട ജില്ലയിലെ ഓഫീസര്‍മാര്‍ക്കും അയച്ചുകൊടുത്തു. മരണത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണിത്.
സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുശേഖരണത്തിന് യാതൊരു താത്പര്യവും കാട്ടാതെ ഉദാസീനമായ അന്വേഷണമാണു നടക്കുന്നത്. തെളിവുകള്‍ മറച്ചുവയ്ക്കാനാണു ശ്രമം. അതിനാല്‍ സിബിഐ അന്വഷണത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇതേ ആവശ്യവുമായി ചേര്‍ത്തല സ്വദേശി മുരളീധരന് കോഞ്ചേരിയില്ലം എന്നയാളുടെ പൊതുതാത്പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ഹര്‍ജികള്‍ അടുത്ത ദിവസം കോടതി പരിഗണിക്കും.
""തെളിവുകൾ സംരക്ഷിക്കപ്പെടണം''
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നു കുടുംബം കോടതിയിൽ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നവീന്റെ കുടുംബം ഹർജി നൽകിയത്. ഹർജിയിൽ ഡിസംബർ മൂന്നിനു കോടതി വിധി പറയും. കണ്ണൂർ കളക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ഹര്‍ജി ഇന്ന് പരിഗണിക്കും
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് 41-ാമത്തെ ഐറ്റമായിട്ടാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്.