ന്യൂഡൽഹി: ഒമ്പതുമാസത്തിനിടെ യുഎസിൽ നിന്ന് 2,417 ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. അനധികൃത കുടിയേറ്റത്തിനെതിരേയാണു രാജ്യമെന്നും നിയമപരമായി മറ്റു രാജ്യങ്ങളിലേക്കു കടക്കാനുള്ള രീതിയെ ആണു പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രഞ്ജിത് ജയ്സ്വാൾ അറിയിച്ചു.
യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം 27 ഇന്ത്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ ഏതാനും പേർകൂടി ഉൾപ്പെട്ടതായി അവരുടെ കുടുംബാംഗങ്ങളിൽനിന്നാണ് അറിഞ്ഞത്. റഷ്യൻ സർക്കാരുമായും ഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുകയാണ് -മന്ത്രാലയം വക്താവ് അറിയിച്ചു.
സ്റ്റുഡന്റ് വീസയിലും സന്ദർശകവീസയിലും കഴിഞ്ഞ ആറുമാസത്തിനിടെ റഷ്യയിലെത്തിയ 15 പേർ യുദ്ധമുന്നണിയിലെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്നാണു വിശദീകരണം. നിർമാണജോലിക്കായാണ് ഒരു എജന്റ് ഇവരെ റഷ്യയിലേക്കു കൊണ്ടുപോയത്.