ഭുവനേശ്വർ: മാവോയിസ്റ്റ് ചമഞ്ഞ് ആൾമാറാട്ടം നടത്തി പിതാവിൽ നിന്നും 35 ലക്ഷംരൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ നാർല പോലീസ് പരിധിയിലാണ് സംഭവം.
കോൺട്രാക്ടറായ ദിനേശ് അഗർവാളിന്റെ മകൻ അങ്കുഷ് അഗർവാൾ(24)ആണ് പിടിയിലായത്. പിതാവ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ അങ്കുഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ ആറിന് മാവോയിസ്റ്റിന്റേതെന്ന വ്യാജേന ഒരു ഭീഷണി കത്തെഴുതി അങ്കുഷ് പിതാവിന്റെ കാറിൽ ഉപേക്ഷിച്ചിരുന്നു. 35 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
പിതാവിന്റെ ബിസിനസ് പങ്കാളിക്കും സമാനമായ കത്ത് അങ്കുഷ് അയച്ചു. കത്ത് ലഭിച്ചയുടൻ തന്നെ ഇവർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ കത്ത് എഴുതിയത് അങ്കുഷ് ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാവോയിസ്റ്റ് അംഗങ്ങളുടെ പേരുകൾ തെറ്റിച്ചാണ് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ സംഭവം വ്യാജമാണെന്ന് സംശയം തോന്നിയിരുന്നതായി ഭവാനിപട്ടണ പോലീസ് സൂപ്രണ്ട് നാഗരാജ് ദേവരകൊണ്ട പറഞ്ഞു. കത്തിന്റെ ഉള്ളടക്കത്തിനും പക്വതയില്ലെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Odisha Man Maoist Extort Rs 35 Lakh Father