തിരുവനന്തപുരം: മലയോരത്തെ കല്ലുംമുള്ളും നിറഞ്ഞ വഴിയിലും റബര്‍ തോട്ടത്തിലെ ചെറിയ പിറ്റിലും പരിശീലിച്ച് ഹൈജംപില്‍ സ്വര്‍ണം നേടി ജുവല്‍ തോമസ് ഇന്നു നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നാട്ടുകാര്‍ സ്വീകരണമൊരുക്കുക പുതിയ സ്റ്റേഡിയത്തില്‍. ഹൈജംപില്‍ പരിശീലനം ആരംഭിക്കുമ്പോള്‍ മുതലുള്ള ജുവലിന്റെ ആഗ്രഹമായിരുന്നു നല്ലൊരു സ്റ്റേഡിയത്തിലെ പരിശീലനം
ടാര്‍ റോഡിലും റബര്‍ തോട്ടത്തിലും പരിശീലനം നടത്തുന്നതിനിടയില്‍ വല്ലപ്പോഴും കോച്ച് സന്തോസാര് ജുവലിനെ മികച്ച പരിശീലനം നല്കാന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിലും പാലായിലെ സ്റ്റേഡിയത്തിലും കൊണ്ടുപോകും. അവിടെ പരിശീലിക്കുമ്പോഴും ജുവല്‍ പറയും സാറേ ഞാന്‍ സ്വര്‍ണം നേടാം. എനിക്കും കൂട്ടുകാര്‍ക്കും പരിശീലിക്കാന്‍ ചെറിയ ഒരു സ്റ്റേഡിയം കിട്ടുമോയെന്ന്.
സ്റ്റേഡിയം ഇന്ന് ഉദ്ഘാടനം ചെയ്യും
ജുവലിന്റെ സ്വപ്നമായ ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയം ഇന്ന് വൈകുന്നേരം മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപിലാണ് കോട്ടയം മുരിക്കുംവയല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ജുവല്‍ തോമസ് സ്വര്‍ണം നേടിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ജുവലിന്റെ സുവര്‍ണനേട്ടം.
നാഷണല്‍ മീറ്റിലും രണ്ടു തവണ സ്വര്‍ണം നേടിയിരുന്നു. പാലായില്‍ നടന്ന ജില്ലാ കായികമേളയില്‍ ദേശീയ റിക്കാര്‍ഡായ 2.11കടന്ന് 2.12 ചാടിയ ജുവലിനു ഇന്നലെ 2.05 മാത്രമാണ് ചാടാനായത്.
തൃശൂര്‍ എആര്‍ ക്യാമ്പിലെ സിഐ മുണ്ടക്കയം ചിറ്റടി ചെറുവത്തൂര്‍ സി.ജെ. തോമസിന്റെയും പീരുമേട് ചിദംബരം മെമ്മോറിയില്‍ സ്കൂളിലെ അധ്യാപിക ജിതയുടെയും മകനാണ്. 1993 സ്കൂള്‍ കായികമേളയില്‍ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് ഇനങ്ങളില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ താരമാണ് സി.ജെ. തോമസ്. മുണ്ടക്കയം മേലോരം ഹൈറേഞ്ച് സ്പോര്‍ട് അക്കാദമിയിലെ സന്തോഷ് ജോര്‍ജാണ് പരിശീലകന്. സ്കൂള്‍ വര്‍ഷത്തിലെ അവസാന കായികമേളയില്‍ സ്വര്‍ണം കരസ്ഥമാക്കിയ സന്തോഷത്തിലാണ് ജുവല്‍.
കുഞ്ഞുങ്ങള്‍ക്കു വീട്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നല്കുന്നു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കും. നിലവില്‍ 50 വീടുവച്ചു നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയില്‍ വീടുവച്ചു നല്കാന് താത്പര്യമുള്ളവര്‍ക്കു വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
സൈക്ലിംഗില്‍ തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് സൈക്ലിംഗ് വിഭാഗത്തില്‍ 12 പോയിന്റോടെ തിരുവനന്തപുരം മുന്നില്‍. സീനിയര്‍ ഗേള്‍സ് ടൈം ട്രയലില്‍ സ്വര്‍ണവും വെങ്കലവും മാസ് സ്റ്റാര്‍ട്ടില്‍ വെള്ളിയും നേടിയ തിരുവനന്തപുരം, സീനിയര്‍ ബോയ്സ് മാസ് സ്റ്റാര്‍ട്ടില്‍ വെള്ളിയും സ്വന്തമാക്കി.
Tags : Jewel