തിരുവനന്തപുരം: കായിക കുടുംബത്തിലേക്ക് അവന്തികയുടെ വകയായി ഒരു സ്വര്‍ണം കൂടി.സീനിയര്‍ പെൺകുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടിയ കെ.എസ്. അവനന്തികയുടെ മാതാവും സഹോദരിയും കായികതാരങ്ങളായിരുന്നു. മകളുടെ പ്രകടനം നേരിട്ടുകാണാന്‍ മുന്‍ കായിക താരവും കായിക അധ്യാപികയുമായ അവന്തികയുടെ അമ്മ മിനിജയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തി.
ഇടുക്കി കുമാരമംഗലം എംകെഎന്എംഎച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയായ അവന്തിക 33.94 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് സ്വര്‍ണം സ്വന്തമാക്കിയത്. അവന്തികയുടെ മാതാവ് മിനിജ 1991-1992ല്‍ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ സ്കൂള്‍ മീറ്റില്‍ മത്സരിച്ചിട്ടുണ്ട്. കായിക അധ്യാപികയായ മിനിജ ഇപ്പോള്‍ ഡപ്യുട്ടേഷനില്‍ എറണാകുളം എസ്എസ്കെയില് ജോലി ചെയ്യുന്നു. അവന്തികയുടെ പിതാവ് സുനില്‍ കുമാര്‍ റിട്ട. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥന്.
33.79 മീറ്റര്‍ എറിഞ്ഞ പാലക്കാട് കോട്ടായി ജിഎച്ച്എസ്എസിലെ സി.ആര്. അഭിന രണ്ടാം സ്ഥാനവും 31.69 മീറ്റര്‍ എറിഞ്ഞ കോഴിക്കോട് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലെ ഇവാന റോസ് സുനില്‍ മൂന്നാം സ്ഥാനവും നേടി
പ്രായത്തട്ടിപ്പ് പരാതി
തിരുവനന്തപുരം: സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രിന്റ് ഇനത്തില്‍ പ്രായക്കൂടുതലുള്ള താരത്തെ മത്സരിപ്പിച്ചതായാണ് പരാതി. ഇതോടെ സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200 മീറ്ററുകളില്‍ വെള്ളി നേടിയ താരത്തിന്റെ ഫലം തടഞ്ഞുവച്ചു. പ്രായം സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും തെളിഞ്ഞാല്‍ നടിപടിയുണ്ടാകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് ഡിഡിഇയെ ചുമതലപ്പെടുത്തിയതായി സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍ പറഞ്ഞു.
Tags : Javelin