പൂന: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ പോലീസുകാർ ബലാത്സംഗത്തിനിരയായ വനിതാ ഡോക്ടർ ജീവനൊടുക്കിയ കേസിൽ പോലീസ് സബ് ഇൻസ്പെക്ടറും ടെക്കിയും അറസ്റ്റിൽ. എസ്ഐ ഗോപാൽ ബദാനെ, സോഫ്റ്റ്വേർ എൻജിനിയർ പ്രശാന്ത് ബാങ്കർ എന്നിവരാണ് അറസ്റ്റിലായത്. വനിതാ ഡോക്ടർ സ്വന്തം കൈവെള്ളയിൽ എഴുതിയ കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു.
എസ്ഐ ഗോപാൽ ബദാനെ പല തവണ ബലാത്സംഗം ചെയ്തെന്നും പ്രശാന്ത് മാനസികമായി പീഡിപ്പിച്ചെന്നും ഡോക്ടർ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഡോക്ടർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുടെ മകനാണ് പ്രശാന്ത് ബാങ്കർ. എസ്ഐ ഗോപാൽ ബദാനെയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
വ്യാഴാഴ്ച ഫാൽട്ടൺ പട്ടണത്തിലെ ഹോട്ടലിലാണു ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. സത്താറ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണു ഡോക്ടർ ജോലി ചെയ്തിരുന്നത്.
Tags : arrested