തിരുവനന്തപുരം: അങ്കക്കളരിയില്‍ ചേകവന്മാരും ഉണ്ണിയാര്ച്ചമാരുമായി കുട്ടികള്‍ മാറിയപ്പോള്‍ കളരിപ്പയറ്റ് മത്സരം ജനകീയമായി. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ഇത്തവണയാണ് കളരിപ്പയറ്റ് മത്സരയിനമായി ഉള്‍പ്പെടുത്തിയത്. സീനിയര്‍, ജൂണിയര്‍ ആണ്-പെണ് വിഭാഗത്തിലായി ചുവട്, മെയ്പ്പയറ്റ്, നെടുവടിപ്പയറ്റ് എന്നിങ്ങനെ മൂന്നിനങ്ങളിലായിരുന്നു മത്സരം. മെയ്പ്പയറ്റ് രണ്ടു മിനിറ്റും ചുവട് ഒന്നരമിനിറ്റും വടിപയറ്റ് ഒരു മിനിറ്റുമാണുള്ളത്. സ്റ്റേറ്റ് റിസോഴ്സ് സെന്ററില്‍ നിന്നും കളരിപ്പയറ്റില്‍ പരീശിലനം പൂര്‍ത്തിയാക്കിയ ടീമായിരുന്നു വിധികര്‍ത്താക്കള്‍.
കളരിപ്പയറ്റ് ഫെഡറേഷന് സംഘടിപ്പിക്കുന്ന നാഷണല്‍ ലെവല്‍ വരെയുള്ള മത്സരത്തില്‍ പങ്കെടുത്തു വരുന്ന കുട്ടികള്‍ വളരെ ആവേശത്തോടെയാണ് മത്സരത്തിനായി എത്തിയത്. എല്ലാ ജില്ലകളില്‍ നിന്നും പ്രാതിനിധ്യമുണ്ടായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ചുവടില്‍ മലപ്പുറത്തിന്റെ പി. മുഹമ്മദ് ഷാമിലും മെയ്പ്പയറ്റില്‍ പാലക്കാടിന്റെ അതുല്‍ രാജും നെടുവടിപ്പയറ്റില്‍ കണ്ണൂര്‍ ടീമും ജേതാക്കളായി.
സീനിയര്‍ പെണ്‍കുട്ടികളുടെ ചുവടുകളില്‍ തിരുവനന്തപുരത്തിന്റെ ഗോപിക എസ്. മോഹനും മെയ്പ്പയറ്റില്‍ കണ്ണൂരിന്റെ അബിന ബാബുവും നെടുവടി പയറ്റില് കണ്ണൂര്‍ ടീമും സ്വര്‍ണം കരസ്ഥമാക്കി. കളരിപ്പയറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കാനും വിജയികളെ അനുമോദിക്കാനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എത്തിയിരുന്നു.
വരും വര്‍ഷങ്ങളില്‍ കളരിപ്പയറ്റ് കൂടുതല്‍ ജനകീയമായ മത്സരമാകുമെന്നും ഉറുമി, വാള് പയറ്റു കൂടി ഉള്‍പ്പെടുത്തുമെന്നും കളരിപ്പയറ്റ് മത്സര കോര്‍ഡിനേറ്റര്‍ നാരായണന് എബ്രാതിരി പറഞ്ഞു.
അതുലിനു കളരി കുടുംബകാര്യം
തിരുവനന്തപുരം: കളരിക്കുടുംബത്തില് നിന്നുള്ള അതുല്‍ രാജ് അടി തട മുറകള്‍ മിന്നും വേഗത്തില്‍ അസാമാന്യമായ മെയ് വഴക്കത്തോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചപ്പോള്‍ സ്വര്‍ണം അതുലിനു സ്വന്തം. സ്കൂള്‍ കായിക ചരിത്രത്തില്‍ ആദ്യമായി മത്സര ഇനമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മെയ്പ്പയറ്റിലാണ് അതുല്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയത്. പാലക്കാട് പിഎംജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
കളരി അഭ്യാസിയായ പിതാവ് ഡി. നടരാജനായിരുന്നു കുഞ്ഞുനാളില്‍ അതുലിനെ പരിശീലനത്തിനായി പ്രോത്സാഹനം നല്‍കിയത്്. പാലക്കാട് കൈരളി കളരി സംഘത്തിലെ എസ്. വരുണ്‍, എസ്. ശരണ്‍ എന്നിവരുടെ കീഴിലാണ് ഇപ്പോള്‍ അഭ്യാസം. കളരിപ്പയറ്റെന്ന ആയോധന മുറയോട് ഏറെ ഇഷ്ടം പുലര്‍ത്തുന്ന പാലക്കാട് ചന്ദ്രനഗര്‍ ചെമ്പിലോട് നിന്നാണ് അതുലിന്റെ വരവ്.
സീനിയര്‍ ആണ്‍കുട്ടികളുടെ മെയ്പ്പയറ്റില്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് എഐ എച്ച്എസ്എസിലെ എം. നിയാതിഷ് വെള്ളിയും പഴഞ്ഞി ഗവണ്മെന്റ് വിഎച്ച്എസ്എസിലെ പി.ബി. ആദിദേവ് വെങ്കലവും സ്വന്തമാക്കി.
Tags : Kalaripayattu