മലയാളിവൈദികന്‍ ജബല്പൂരില് വാഹനാപകടത്തില്‍ മരിച്ചു
1513906
Friday, February 14, 2025 1:07 AM IST
ഇരിങ്ങാലക്കുട: ജബല്പൂരില് ഉണ്ടായ വാഹനാപകടത്തില്‍ മലയാളിവൈദികന്‍ മരിച്ചു. വല്ലക്കുന്ന് പരേതരായ നെരേപ്പറമ്പില്‍ പൈലൻ -റോസ ദന്പതികളുടെ മകനും നോബർട്ടൈൻ വൈദികനുമായ ഫാ. പോള്‍സണ്‍ നെരേപ്പറമ്പില്‍ (56) ആണ് മരിച്ചത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ജബല്‍പൂര്‍ സെന്റ് നോബര്‍ട്ട് ആബിയില്‍ നടക്കും.
ബുധനാഴ്ച രാത്രി ഒമ്പതിനു ജബല്‍പൂര്‍ ജംഗ്ഷനില്‍ ഫാ. പോൾസൺ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജബല്‍പൂര്‍ സാഗ്ര സെന്റ് അഗസ്റ്റിന് സീനിയര്‍ സിബിഎസ്ഇ സ്കൂളിലെ പ്രിന്‍സിപ്പലാണ് ഫാ. പോള്‍സണ്‍ നെരേപ്പറമ്പില്‍. അപകടസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
പത്തുവര്‍ഷത്തിലധികമായി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സ്കൂളിലെ ജീവനക്കാരനായ ക്രൂസ് ആന്റണി അതീവഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഫാ. പോൾസന്റെ സഹോദരങ്ങള്‍: ലോനപ്പന്, ജോസ്, ആനി വര്‍ഗീസ് കുഴിലാടന്, പരേതയായ മേഴ്സി, എല്‍സി ജെയിംസ് പഴയാറ്റില്‍, വര്‍ഗീസ്, ഷാജു.