കോന്തിപുലത്തെ താത്കാലിക ബണ്ട് നിര്‍മാണം പൂര്‍ത്തിയായി
1497454
Wednesday, January 22, 2025 7:29 AM IST
മാപ്രാണം: കോന്തിപുലം പാലത്തിനു കീഴെ കെഎല്‍ഡിസി കനാലിന് കുറുകെ താത്കാലിക ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
5.92 ലക്ഷം രൂപ ചെലവഴിച്ചാണ് ഇറിഗേഷന്‍ വകുപ്പ് ബണ്ട് നിര്‍മിച്ചത്. മുരിയാട് കോള്‍മേഖലയിലെ കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കുന്നതിനായാണ് ബണ്ട് നിര്‍മിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് വെള്ളം സംഭരിക്കുന്നതിനായിട്ടാണ് കോന്തിപുലം പാലത്തിന് സമീപം വര്‍ഷം തോറും ബണ്ട് കെട്ടുന്നത്. ഡിസംബര്‍ അവസാനമാണ് സാധാരണ ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാറുള്ളത്. എന്നാല്‍ ഡിസംബര്‍ ആദ്യവാരം പെയ്ത കനത്തമഴയില്‍ കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ മുനയത്ത് നിര്‍മിച്ചിരുന്ന താത്കാലിക ബണ്ട് തള്ളിപ്പോയിരുന്നു.
കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കയറുമെന്ന ഭീഷണിയുള്ളതിനാല്‍ ആദ്യം മുനയം ബണ്ട് പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്ന് കോന്തിപുലത്ത് പാലത്തിന് സമീപം കെഎല്‍ഡിസി കനാലില്‍ ബണ്ടുനിര്മിക്കുന്നതിനായി മുളകള്‍ സ്ഥാപിച്ചെങ്കിലും കരാറുകാര്‍ ആദ്യം മുനയം ബണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. കോന്തിപുലത്ത് സ്ഥിരം തടയണ വന്നാല്‍ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാനാകുമെന്നും മുരിയാട്, പൊറത്തിശേരി, പറപ്പൂക്കര മേഖലകളിലെ കൃഷിക്ക് പദ്ധതി ഗുണംചെയ്യുമെന്നുമാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
കെഎല്‍ഡിസി കനാലിന് കുറുകെ സ്ഥിരം തടയണയ്ക്ക് ഇറിഗേഷന്‍ സമര്‍പ്പിച്ച 12.21 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതിക അനുമതിക്കാവശ്യമായ നടപടികളും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയും.