കച്ചിത്തോട് മാലിന്യങ്ങൾക്കു തീപിടിച്ചു, അഞ്ചു വീട്ടുകാരെ മാറ്റി
1497466
Wednesday, January 22, 2025 7:30 AM IST
മണ്ണുത്തി: മാടക്കത്തറ പാണ്ടിപറമ്പ് കച്ചിത്തോട് ഉപയോഗശൂന്യമായ ക്വാറിയിലെ മാലിന്യങ്ങൾക്കു തീപിടിച്ചു. കനത്ത പുകയിൽ മൂടി പ്രദേശം. അഞ്ചു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. 17 മണിക്കൂറിനുശേഷം തീ നിയന്ത്രണവിധേയമാക്കി.
വർഷങ്ങളായി പ്രവർത്തിക്കാതെ കിടന്ന കച്ചിത്തോടിലെ സ്വകാര്യവ്യക്തിയുടെ ക്വാറിയിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു തീപിടിച്ചത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളിലേക്കു തീപടർന്നതോടെ പ്രദേശമാകെ കനത്ത പുകയിൽ മൂടി.
നാട്ടുകാർ വിവരമറിയച്ചതോടെ ത്യശൂരിൽനിന്നും സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് പുതുക്കാട്, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽനിന്നും കൂടുതൽ യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടർന്നു. പ്ലാസ്റ്റിക് ഉൾപ്പടെ വലിയ തോതിൽ കത്തുന്നതിനാൽ തീ അണച്ചാലും വീണ്ടും വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. കനത്ത പുക ഉയർന്നതോടെ തീ അണയ്ക്കൽ ദുഷ്കരമായി മാറി. 17 മണിക്കൂറിനുശേഷം മണ്ണിട്ട് തീ നിയന്ത്രണവിധേയമാക്കി.
പ്രദേശമാകെ പുകയിൽ മൂടിയതോടെയാണ് സമീപത്തെ വീട്ടുകാരെ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റിയത്. തൃശൂർ തഹസിൽദാർ ജയശ്രീയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കളക്ടർക്ക് ഉടൻ റിപ്പോർട്ട് കൈമാറുമെന്നു തഹസിൽദാർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഈ ക്വാറിയിൽ മാലിന്യങ്ങൾ കൊണ്ടിട്ടതിനു പഞ്ചായത്ത് അധികൃതർ 5,000 രൂപ പിഴ ഈടാക്കിയിരുന്നു. മാലിന്യനിക്ഷേപത്തിനെതിരേ താക്കീത് നൽകുകയും ചെയതിരുന്നു.