വടക്കാഞ്ചേരി നഗരസഭ മാലിന്യനിക്ഷേപം: ഉന്നതർ കുടുങ്ങി
1497461
Wednesday, January 22, 2025 7:29 AM IST
വടക്കാഞ്ചേരി: പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ വിടാതെ പിന്തുടർന്ന് നഗരസഭ. വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറി കെ.കെ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
റോഡരികിൽ പ്ലാസ്റ്റിക് ചാക്കിലും കവറിലുമാക്കി മാലിന്യങ്ങൾ നിക്ഷേപിച്ചവരെ നഗരസഭ അധികൃതർ ഉടനടി കണ്ടെത്തി പിഴയും ചുമത്തി. യുവ ഡോക്ടർ, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ, ഹോട്ടൽ ജീവനക്കാരൻ, പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ഉന്നതരായ വ്യക്തികളാണ് റോഡരികിൽ മാലിന്യം തള്ളിയത്. ഇവരോട് 50,000 രൂപയോളം പിഴയടയ്ക്കാൻ നഗരസഭ നോട്ടീസ് നൽകി.
എറണാകുളം, മലപ്പുറം തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവരും മാലിന്യം നിക്ഷേപിച്ചവരിൽ ഉൾപ്പെടും. വടക്കാഞ്ചേരി നഗരസഭ പരിസരം, മിണാലൂർ, പാർളിക്കാട്, ആര്യംപാടം, മെഡിക്കൽ കോളജ് പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ, എന്നിവയുൾപ്പെടുന്ന മാലിന്യങ്ങളാണ് റോഡരികിൽനിന്നു കണ്ടെത്തിയത്.
ഹരിതകർമസേനയ്ക്ക് അജൈവമാലിന്യങ്ങൾ കൃത്യമായി കൈമാറണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എസ്. കിഷോർ, കെ.പി. ഗോകുൽ, നഗരസഭ ജീവനക്കാരായ കെ.വി. വിനോദ്, കെ.പി. ദീപക്, എം.ബി. രാഹുൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് മാലിന്യം കണ്ടെത്തിയത്.